തിട്ടയിടിച്ചിൽ വ്യാപകമായിട്ടും സംരക്ഷിക്കാൻ നടപടി വൈകുന്നു

തിട്ടയിടിച്ചിൽ വ്യാപകമായിട്ടും സംരക്ഷിക്കാൻ നടപടിയില്ല മല്ലപ്പള്ളി: മണിമലയാറ്റിലെ മിന്നൽ പ്രളയത്തിൽ മൺതിട്ട തകർന്ന് ആറ്റിൽ പതിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സംരക്ഷണഭിത്തി നിർമിച്ചിട്ടില്ല. കോട്ടാങ്ങൽ - മണിമല റോഡിൽ കൊല്ലാറപ്പടിയിൽ അപകടം ക്ഷണിച്ചുവരുത്തുന്നതിന് ഇത് കാരണമാകുകയാണ്. മണിമലയാറും റോഡുമായി ഒരേ രീതിയിലായ അവസ്ഥയിലാണിപ്പോൾ. 80 അടിയിലേറെ നീളത്തിലും 30 അടിയോളം താഴ്ചയിലുമാണ് മൺതിട്ട പ്രളയത്തിൽ ഒലിച്ചു പോയത്. നിലവിലെ ഭാഗികമായ സംരക്ഷണഭിത്തി തകർച്ചയുടെ വക്കിലും. ഏതുനിമിഷവും ആറ്റിലേക്ക് പതിക്കുന്ന അപകടാവസ്ഥയിലും. തകർച്ച സംഭവിച്ചിട്ടും ഒരുവിധ സുരക്ഷ മുന്നറിയിപ്പുകൾ ഒന്നുംതന്നെ ഇവിടെ സ്ഥാപിച്ചിട്ടുമില്ല. ഇത് ആശങ്കക്ക് ഇടയാക്കുന്നു. കോട്ടയം - പത്തനംതിട്ട ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയായിട്ടും അധികൃതർ അവഗണിക്കുകയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നതും. അധികൃതരുടെ അനാസ്ഥ വൻ അപകടത്തിന് കാരണമാകും. സംരക്ഷണഭിത്തി പുനർനിർമിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.