മല്ലപ്പള്ളി ടൗണിൽ ഗതാഗത നിയന്ത്രണമില്ല

വാഹനങ്ങൾ പായുന്നത് തോന്നിയ പോലെ മല്ലപ്പള്ളി: വൺ വേ സംവിധാനമുള്ള ടൗണിൽ വാഹനങ്ങൾ നിയന്ത്രണമില്ലാതെ തലങ്ങും വിലങ്ങും പായുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. ഗതാഗത നിയന്ത്രണത്തിന് അധികൃതരുടെ സേവനം ലഭ്യമല്ലാത്തതാണ് പ്രധാന പ്രശ്നം. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിലെ സെൻട്രൽ ജങ്​ഷനിൽനിന്നും വാഹനങ്ങൾ നേരെ തിരുവല്ല റോഡിലേക്ക്​ പ്രവേശിക്കുന്നത് പതിവ് കാഴ്ചയാണ്. വലിയ വാഹനങ്ങൾക്ക് ഇവിടെ വൺ വേ ആണെങ്കിലും പാലിക്കപ്പെടുന്നില്ല. വൺ വേ തെറ്റിച്ചു പോകുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നതും സ്ഥിരമാണ്. സ്ഥല പരിചയമില്ലാതെ എത്തുന്നവരാണ് ഏറെയും വൺവേ തെറ്റിക്കുന്നത്. ടൗണിലെ വൺ വേ സംവിധാനം നൂറു മീറ്റർ ദൂരത്തിൽ മാത്രമുള്ളതാണ്. കോഴഞ്ചേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ തിരുവല്ല റോഡിൽ പ്രവേശിച്ച് സെൻട്രൽ ജങ്​ഷനിൽ എത്തുന്നതും ബസ് സ്​റ്റാൻഡ് റോഡിൽനിന്നും തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളിലേക്ക്​ പോകുന്ന വാഹനങ്ങൾ സെൻട്രൽ ജങ്​ഷനിലൂടെ തിരിയുന്നതുമാണ് ടൗണിലെ വൺ വേ സംവിധാനം. തിരുവല്ല ഭാഗത്തു നിന്നെത്തുന്ന ഭാരവാഹനങ്ങൾ ടൗണിലേക്ക് എത്തേണ്ടത് പഴയ തിയറ്റർ പടിയിലൂടെ അങ്ങാടിപ്പറമ്പ് വഴി കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിലൂടെയാണ്. എന്നാൽ കോട്ടയം - കോഴഞ്ചേരി റോഡിൽനിന്നും വാഹനങ്ങൾ എളുപ്പത്തിനു വേണ്ടി വൺ വേ തെറ്റിച്ച് മല്ലപ്പള്ളി - തിരുവല്ല റോഡിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. തിരുവല്ല ഭാഗത്തുനിന്നും എത്തുന്ന ബസുകൾ ഉൾപ്പെടെയുള്ള ഭാരം കയറ്റിയ വാഹനങ്ങൾ നേരെ ടൗണിലേക്ക് എത്തരുതെന്നാണ് നിർദേശമെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. റോഡി​ൻെറ വളവും കുത്തനെയുള്ള ഇറക്കവും വീതിക്കുറവും അപകടമുണ്ടാകാനുള്ള സാധ്യത വിലയിരുത്തിയാണ് വലിയ വാഹനങ്ങൾ നേരെ ടൗണിലേക്ക് വരുന്നത് തടഞ്ഞത്. ഇത് ഗതാഗതക്കുരുക്കിന്​ കാരണമാകാറുണ്ട്. ഗതാഗത നിയന്ത്രണത്തിന് നേരത്തേ ഹോംഗാർഡി​ൻെറ സേവനം ഉണ്ടായിരുന്നതാണ്. എന്നാൽ, ഇപ്പോൾ ഒന്നുമില്ലാത്ത സ്ഥിതിയാണ്. പൊലി​ൻെറ സേവനം ടൗണിൽ ലഭ്യമാക്കുന്നതിന് തീരുമാനങ്ങൾ ഉണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.