കൊക്കാത്തോട്ടിൽ മലവെള്ളപ്പാച്ചിൽ

കോന്നി: അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്ടിൽ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ അഞ്ചോളം വീടുകളിൽ വെള്ളം കയറി. വ്യാഴാഴ്ച പുലർച്ച ഒരു മണിയോടെയാണ് മലവെള്ളം ഇരച്ചുകയറിയത്. കൊക്കാത്തോട് ഒരേക്കർ ഭാഗത്തെ വീടുകളിലാണ് വെള്ളം കയറി നാശനഷ്​ടം ഉണ്ടായത്. ഒരേക്കർ ചാങ്ങ പ്ലാമൂട്ടിൽ ബിനു, ഒരേക്കർ പാലത്തറയിൽ ഷീബ, പാറശ്ശേരിൽ സുധാകരൻ താന്നിവേലിൽ സാബു എന്നിവരുടെ വീടുകളിലാണ് വെള്ളം ഇരച്ചുകയറിയത്. ഇതിൽ സാബുവിനും ബിനുവിനുമാണ് വലിയ നാശം ഉണ്ടായത്. സാബുവി‍ൻെറ വീട്ടിൽ മൂന്നു മാസത്തിനുള്ളിൽ നാലാം തവണയാണ് വെള്ളം കയറിയത്. ഇത്തവണ വീട്ടിലെ ടി.വി, ഫ്രിഡ്ജ്, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എല്ലാം പൂർണമായി നശിച്ചു. വീടി‍ൻെറ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം ഒഴുകിപ്പോയി. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നാശം സംഭവിച്ചിട്ടുണ്ട്. വീടി‍ൻെറ കിണർ ഇടിഞ്ഞു. ഇദ്ദേഹം വളർത്തിയ മുപ്പതോളം താറാവ്, രണ്ട് ആട് എന്നിവ ചത്തു. വ്യാഴാഴ്ച രാത്രി എ​ട്ടോടെ കൊക്കാത്തോട്ടിലും വനമേഖലകളിലും ആരംഭിച്ച മഴ പുലർച്ച ഒരു മണിയോടെ ശക്തി പ്രാപിച്ചു. ഇതോടെ അച്ചൻകോവിലാറ്റിൽ വലിയ തോതിൽ മലവെള്ളപ്പാച്ചിലുണ്ടായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അരുവാപ്പുലം വെൺമേലിപ്പടി മുതൽ കൊക്കാത്തോട് ഇഞ്ചപ്പാലംവരെ വെള്ളം കയറിയതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. വെട്ടൂർ-അട്ടച്ചാക്കൽ-കുമ്പഴ റോഡി​ൻെറ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഉച്ചയോടെ അരുവാപ്പുലം പ്രദേശത്തുനിന്ന് വെള്ളം ഇറങ്ങി. അപ്പോഴേക്കും കോന്നിയുടെ താഴേക്കുള്ള മേഖലകളിൽ വെള്ളം കയറി തുടങ്ങി. ദുരന്തബാധിത മേഖലകളിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ, കലക്ടർ ദിവ്യ എസ്. അയ്യർ, കോന്നി തഹസിൽദാർ ശ്രീകുമാർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ ഹനീഷ് ജോർജ്, ഡെപ്യൂട്ടി തഹസിൽദാർ അജിൻ ഐപ്പ് എന്നിവർ സന്ദർശിച്ച് നാശനഷ്​ടങ്ങൾ വിലയിരുത്തി. ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.