ലോക്ക്​ പൊളിച്ച്​ ജനം പുറത്തിറങ്ങി; ജില്ലയിൽ വൻ തിരക്ക്

പത്തനംതിട്ട: ലോക്ഡൗൺ ഇളവ്​ അനുവദിച്ച വെള്ളിയാഴ്​ച ജില്ലയിലെ നഗരങ്ങളിൽ വൻ തിരക്ക്. വെള്ളിയാഴ്ച ജില്ല ആസ്ഥാനം ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്. ശനിയും ഞായറും ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ വെള്ളിയാഴ്​ച ജില്ലയിൽ എല്ലായിടത്തും റോഡിലും കടകളിലും വലിയ തിരക്കായിരുന്നു. സ്​റ്റേഷനറി, ചെരിപ്പ​ുകട, ജ്വല്ലറി, തുണിക്കട, വാഹന റിപ്പയർ കട, മൊബൈൽ ഷോറൂം, ബേക്കറികൾ തുടങ്ങി ജില്ലയിലെ ഭൂരിഭാഗം കടകളും വെള്ളിയാഴ്​ച തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചിരുന്നു. ചിലയിടങ്ങളിൽ പൊലീസ്​ എത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശവും സ്വകാര്യ വാഹനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. പരിശോധന ഉണ്ടായിരുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ കൂടുതൽ എത്തിയതോടെ ഗതാഗതക്കു​​രുക്കും ഉണ്ടായി. പത്തനംതിട്ട സെൻട്രൽ ജങ്​ഷനിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ആഴ്ചകളായി തുറക്കാതെ കിടന്ന കടകളും വെള്ളിയാഴ്​ച തുറന്നതോടെ തിരക്ക് വർധിച്ചു. ചിലർ മാസ്ക് അലക്ഷ്യമായി ഉപയോഗിച്ചത് പൊലീസ് ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. പ്രായഭേദമന്യേ ജനങ്ങൾ പുറത്തിറങ്ങിയത് ആരോഗ്യവകുപ്പി​ൻെറയും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കുഞ്ഞുകുട്ടികളും പ്രായമേറിയവരും കടയിൽ എത്തുന്നത് സുരക്ഷിതമല്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ അഭിപ്രായം. ശനിയും ഞായറും കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസ് നടത്തില്ല. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. പഴം, പച്ചക്കറി, പാൽ, പലചരക്ക് തുടങ്ങിയവക്ക്​ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കാം. ഇതേസമയം, ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ, മരണസംഖ്യ കൂടുന്നുണ്ട്. കോവിഡ് കണക്കുകളിലെ ഏറ്റക്കുറച്ചിലുകൾ കോവിഡ് ജില്ലയിൽ കുറയുന്നുവെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ഈ അവസരത്തിൽ മൂന്നാമത്തെ തരംഗം കൂടി എത്തിയാൽ രോഗവ്യാപനം ക്രമാതീതമായി കൂടും. ഇളവുകൾ ഉപയോഗിക്കുമ്പോൾ രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതരുടെ നിർദേശം ഉണ്ടെങ്കിലും അതെല്ലാം അവഗണിച്ച രീതിയായിരുന്നു വെള്ളിയാഴ്ച ജില്ലയിൽ കണ്ടത്. :: Photo: പത്തനംതിട്ടയിലെ തിരക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.