കരുതല്‍ ശുചീകരണം എല്ലാ ജനപ്രതിനിധികളും പങ്കാളികളാകണം -ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​

പത്തനംതിട്ട: ജില്ലയില്‍ ജൂണ്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ നടക്കുന്ന കരുതല്‍ ശുചീകരണ പരിപാടിയില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും ജനപ്രതിനിധികള്‍ നേരിട്ട് പങ്കാളികളാകണമെന്ന് ജില്ല ആസൂത്രണ സമിതി ചെയര്‍മാനും ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അഭ്യര്‍ഥിച്ചു. മഴക്കാലപൂര്‍വ ശുചീകരണം, കോവിഡ് പ്രതിരോധം, പ്രകൃതിക്ഷോഭം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ എന്നിവ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ല ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡൻറ്​. ഈ മാസം നാലിന് തൊഴിലിടങ്ങളിലെ ശുചീകരണവും അഞ്ചിന് പൊതുസ്ഥലങ്ങളിലെ ശുചീകരണവും ആറിന് വീടുകളിലെ ശുചീകരണവുമാണ് നടത്തേണ്ടത്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ല എന്ന നിലയില്‍ ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വെള്ളപ്പൊക്കസാധ്യത മുന്നില്‍കണ്ട് മുന്നൊരുക്കങ്ങളും നടത്തണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ നിര്‍ദേശിച്ചു. അഞ്ചു പേരടങ്ങുന്ന ടീമുകളായിട്ടാകണം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഹരിത കര്‍മസേന ഉൾപ്പെടെയുള്ള പ്രവര്‍ത്തകര്‍ക്കുവേണ്ട ഗ്ലൗസ്, പ്രതിരോധ ഉപകരണങ്ങള്‍ തുടങ്ങിയവ തദ്ദേശസ്ഥാപനങ്ങള്‍ ഓരോ ടീമിനും ലഭ്യമാക്കണം. എല്ലാ വാര്‍ഡുകളിലും രൂപവത്​കരിച്ചിട്ടുള്ള എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതിന് ഇവരുടെ യോഗം ചേരണം. പാലിയേറ്റിവ് കിടപ്പുരോഗികള്‍ക്ക് കോവിഡ് വാക്സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പറഞ്ഞു. ക്യാമ്പുകളില്‍ 24 മണിക്കൂറിനുള്ളില്‍ ആൻറിജന്‍ പരിശോധന നടത്തണം -കലക്ടര്‍ പത്തനംതിട്ട: ദുരന്തനിവാരണ ക്യാമ്പുകളില്‍ 24 മണിക്കുറിനുള്ളില്‍ ആൻറിജന്‍ പരിശോധന നടത്തണമെന്ന് ആസൂത്രണ സമിതി യോഗത്തില്‍ കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫ്ലഡ് പ്രോണ്‍ ഏരിയ മാപ്പിങ്​ നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. എല്ലാ തദേശ സ്ഥാപനങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് നീക്കിവെക്കണം. ദുരന്ത നിവാരണ ക്യാമ്പുകള്‍ ആരംഭിക്കുമ്പോള്‍ വില്ലേജ് ഓഫിസറെ സഹായിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണം. തദ്ദേശസ്ഥാപനങ്ങളിലെ കണ്‍ട്രോള്‍ റൂമുകളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആളെ നിയോഗിക്കണം. ക്യാമ്പുകള്‍ക്ക്​ കണ്ടെത്തിയ കെട്ടിടങ്ങളിള്‍ ശൗചാലയ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തുകയും അടിയന്തരമായി ശുചീകരിക്കുകയും ചെയ്യണം. ജില്ല പ്ലാനിങ്​ ഓഫിസര്‍ സാബു സി. മാത്യു, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എല്‍. ഷീജ, ഡി.സി.പി എസ്. ശ്രീകുമാര്‍, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ മണികണ്ഠന്‍, ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ കെ.ഇ. വിനോദ്, ഹരിത കേരളം ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ആര്‍.രാജേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.