പത്തനംതിട്ട: രണ്ടാമൂഴത്തിൽ ആറന്മുളയിൽ വീണാ ജോർജ് നേടിയത് വൻ ഭൂരിപക്ഷം. 19,003 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് വീണാ ജോർജ് വിജയിച്ചത്. ചരിത്ര വിജയം നേടാൻ കഴിഞ്ഞതിൻെറ ആഹ്ലാദത്തിലാണ് പ്രവർത്തകർ. പ്രവർത്തകർപോലും ഇത്രയും ഭൂരിപക്ഷം ഒരിക്കലും പ്രതീക്ഷിച്ചില്ല. ആദ്യ തവണ 7646 വോട്ടിൻെറ ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്. പത്തനംതിട്ട നഗരസഭയിലും മറ്റ് 12 പഞ്ചായത്തിലും ലീഡ് നേടാൻ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. രാവിലെ പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയത് മുതൽ ലീഡ് ഒരേപോലെ നിർത്താൻ കഴിഞ്ഞു. യു.ഡി.എഫ് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളിലും മികച്ച ലീഡ് നേടി. ആറന്മുള മണ്ഡലത്തിൽ 338 ബൂത്താണ്. ഇതിൽ ആദ്യം എണ്ണിത്തുടങ്ങിയത് ഇരവിപേരൂർ പഞ്ചായത്താണ്. ഏറ്റവും അവസാനമാണ് പത്തനംതിട്ട നഗരസഭയിലെ വോട്ടുകൾ എണ്ണിയത്. നിലവിൽ പത്തനംതിട്ട നഗരസഭ, ചെന്നീർക്കര, മല്ലപ്പുഴശ്ശേരി, ഇരവിപേരൂർ, നാരങ്ങാനം, മെഴുവേലി എന്നീ ആറിടത്ത് എൽ.ഡി.എഫും ഓമല്ലൂർ, ആറന്മുള, കോയിപ്രം, ഇലന്തൂർ, കോഴഞ്ചേരി അഞ്ചിടത്ത് യു.ഡി.എഫുമാണ് ഭരിക്കുന്നത്. കുളനടയിൽ എൻ.ഡി.എക്കുമാണ് ഭരണം. തോട്ടപ്പുഴശ്ശേരിയിൽ സ്വതന്ത്രനുമാണ് പ്രസിഡൻറ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫിന് മണ്ഡലത്തിൽ 865 വോട്ടിൻെറ ഭൂരിപക്ഷം ഉണ്ടായിരുന്നു, ശബരിമല വിഷയം കത്തിനിന്ന 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആേൻറാ ആൻറണിക്ക് മണ്ഡലത്തിൽ 6593 വോട്ടിൻെറ ഭൂരിപക്ഷമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വീണാ ജോർജിൻെറ ഭൂരിപക്ഷം 7646 വോട്ടായിരുന്നു. ആറന്മുളയിൽ ബി.ജെ.പി സ്ഥാനാർഥി നിർണയത്തിൽ സി.പി.എം ഇടപെടൽ നടന്നതായി ആദ്യം മുതലെ കോൺഗ്രസ് ആരോപിച്ചിരുന്നു. ബി.ജെ.പി അവരുടെ എ ക്ലാസ് മണ്ഡലമെന്ന് അവകാശപ്പെടുന്ന ആറന്മുളയിൽ ദുർബലനായ സ്ഥാനാർഥിയെ നിർത്തിയപ്പോൾതന്നെ ഈ സംശയം ബലപ്പെട്ടതാണ്. വോട്ടെടുപ്പുദിവസം പല ബൂത്തിലും ബി.ജെ.പി ബൂത്ത് ഏജൻറുമാർ ഒഴിഞ്ഞ് നിന്നിരുന്നു. ബി.ജെ.പി വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷ യു.ഡി.എഫിനും ഉണ്ടായിരുന്നു. മണ്ഡലത്തിൽ നിർണായകമായ നായർ സമുദായത്തിൻെറ വോട്ടുകളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വോട്ട് എണ്ണി ഓരോ റൗണ്ട് പിന്നിടുമ്പോഴും വീണാ ജോർജ് വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. തപാൽ വോട്ടുകൾ എണ്ണിയപ്പോൾ മുതൽ ലീഡുണ്ടായിരുന്നു. ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ 3691 വോട്ടിൻെറ ലീഡ് നേടി. പിന്നീട് 2517, 3544, 4540 എന്നിങ്ങനെ ഓരോ റൗണ്ടിലും ലീഡുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേടിയ വോട്ടുകളുടെ അടുത്തൊന്നും അവർക്ക് എത്താൻ കഴിഞ്ഞിട്ടില്ല. അവർക്ക് നഷ്ടപ്പെട്ട വോട്ടുകൾ ആർക്ക് വീണു എന്നതാണ് ചർച്ചാവിഷയമിപ്പോൾ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രൻ 50,497 വോട്ടും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.ടി. രമേശ് 37,906 വോട്ടും നേടിയതാണ്. ഇപ്പോൾ ബിജു മാത്യുവിൻെറ വോട്ടുകൾ ഗണ്യമായി കുറയുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 28,361 വോട്ട് എൻ.ഡി.എക്ക് ലഭിച്ചതാണ്. യു.ഡി.എഫിന് 865 വോട്ടിൻെറ ഭൂരിപക്ഷവും ലഭിച്ചിരുന്നു. ആ വോട്ടുകൾപോലും നേടാനാവാതെ യു.ഡി.എഫ് ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. സ്ഥാനാർഥിയാകുമെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്ന് നേരേത്തതന്നെ മണ്ഡലത്തിലെ വോട്ടർമാരെ ശിവദാസൻ നായർ കണ്ടിരുന്നു. ഇതിനിടെ, സ്ഥാനാർഥിത്വം പ്രഖ്യാപിച്ചയുടൻ പ്രതിഷേധിച്ച് പി. മോഹൻരാജ് രംഗത്ത് വന്നതും പാർട്ടിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളതും സ്ത്രീ വോട്ടർമാർ കൂടുതലുള്ള മണ്ഡലവുമാണ് ആറന്മുള. വോട്ടിങ് ശതമാനം ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ കുറഞ്ഞിരുന്നു. മണ്ഡലത്തിൽ 65.45 ആയിരുന്നു വോട്ടിങ് ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.