ഭരണകക്ഷിയിലെ ആറും പ്രതിപക്ഷ കൗൺസിലർമാരും വിട്ടുനിന്നു; പന്തളം നഗരസഭ യോഗം മുടങ്ങി

പന്തളം: നഗരസഭ കൗൺസിൽ യോഗത്തിൽ ബി.ജെ.പി പാർലമെന്‍ററി പാർട്ടി ലീഡർ ഉൾപ്പെടെ ആറുപേരും യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലർമാരും വിട്ടുനിന്നതോടെ കൗൺസിൽ യോഗം കൂടാനായില്ല. വെള്ളിയാഴ്ച ഉച്ചക്ക്​ രണ്ടരയോടെ നഗരസഭ കോൺഫറൻസ് ഹാളിലാണ് കൗൺസിൽ യോഗം വിളിച്ചുകൂട്ടിയത്. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് അധ്യക്ഷത വഹിക്കുന്നതിനെ ചോദ്യംചെയ്ത് യു.ഡി.എഫും എൽ.ഡി.എഫും ബഹളം ആരംഭിച്ചു. അസഭ്യം പറഞ്ഞ ചെയർപേഴ്സനെ മാറ്റി വൈസ് ചെയർപേഴ്സന്‍റെ അധ്യക്ഷതയിലാണെങ്കിൽ കൗൺസിൽ കൂടാൻ അനുവദിക്കാമെന്ന്​ യു.ഡി.എഫ് കൗൺസിലർമാർ രേഖാമൂലം ആവശ്യപ്പെട്ടു. ഈ ആവശ്യം മുഖവിലയ്ക്കെടുക്കാതെ യോഗനടപടി ആരംഭിച്ചതിനെ തുടർന്ന്​ എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാർ മുദ്രാവാക്യവുമായി ഹാളിന്റെ പുറത്തേക്ക് നീങ്ങി. യോഗത്തിൽ അംഗബലം കുറഞ്ഞതോടെ കൗൺസിൽ യോഗ നടപടികൾ അവസാനിപ്പിക്കേണ്ടി വന്നു. അസഭ്യസംഭാഷണത്തിന് ശേഷം നടന്ന കൗൺസിൽ യോഗത്തിൽനിന്നും ബി.ജെ.പിയെ പ്രതിനിധാനം ചെയ്യുന്ന കൗൺസിലർമാരായ സൂര്യ എസ്. നായർ, ശ്രീലേഖ, മഞ്ജുഷ സുമേഷ്, കോമളവല്ലി, അച്ചൻകുഞ്ഞ് ജോൺ എന്നിവരാണ്​ വിട്ടുനിന്നത്​. വിവാദ വിഡിയോ ചിത്രീകരിച്ച​ ആരോപണ വിധേയനായ കിഷോർ കുമാർ യോഗത്തിൽ പങ്കെടുത്തു. പി.എം.എ.വൈ പദ്ധതിക്ക് തുക ഉൾപ്പെടുത്തുന്നത്​ സംബന്ധിച്ച് ചർച്ച ചെയ്യാനാണ് കൗൺസിൽ യോഗം വിളിച്ചത്. പാവപ്പെട്ടവരുടെ ഭവനമുൾപ്പെടെയുള്ള പദ്ധതിക്ക് തുക വകയിരുത്താതെ ചെയർപേഴ്സന്​ വാഹനം വാങ്ങാനും മറ്റും പണം ധൂർത്തടിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കൗൺസിൽ യോഗത്തിൽനിന്നും യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാറിന്റെയും എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ ലസിത നായരുടെയും നേതൃത്വത്തിലാണ്​ പ്രതിപക്ഷ കൗൺസിലർമാർ യോഗം ബഹിഷ്കരിച്ച് ഹാളിന് പുറത്തിറങ്ങിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.