പത്തനംതിട്ടയെ ഭരണഘടന സാക്ഷര നഗരമാക്കുന്നു; പദ്ധതിക്ക് ഇന്ന് തുടക്കം

പത്തനംതിട്ട: വെല്ലുവിളികള്‍ നേരിടുന്ന ഭരണഘടന മൂല്യങ്ങളെ സംരക്ഷിക്കാനുള്ള പത്തനംതിട്ട നഗരസഭയുടെ പദ്ധതികള്‍ക്ക് ശനിയാഴ്ച തുടക്കമാകും. നഗരത്തിലെ ആബാലവൃദ്ധം ജനങ്ങളെയും ഭരണഘടന സാക്ഷരരാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഭരണഘടന സാക്ഷരത പ്രവര്‍ത്തനത്തിനുള്ള സേവനസന്നദ്ധതയുള്ള പരിശീലകരെ നഗരസഭ പ്രദേശത്തെ സ്ഥിര താമസക്കാരില്‍നിന്നും കണ്ടെത്തും. അവര്‍ക്കുള്ള പരിശീലനം കിലയുടെ നേതൃത്വത്തില്‍ നടത്തും. ഭവന സന്ദര്‍ശനവും ചെറു യോഗങ്ങൾ വഴിയും നഗരവാസികളെ ഭരണഘടന സാക്ഷരരാക്കുന്ന വിപുല പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. കില, സാക്ഷരത മിഷന്‍, കുടുംബശ്രീ, ലീഗല്‍ സര്‍വിസ് അതോറിറ്റി, ബാര്‍ അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഇന്ന് രാവിലെ പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ഉദ്ഘാടന യോഗം ഡോ. സുനില്‍. പി. ഇളയിടം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാവുന്ന യോഗത്തില്‍ കലക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ മുഖ്യാതിഥിയാകും. ------------------------- ഓണക്കിറ്റ് വിതരണം; ജില്ലതല ഉദ്ഘാടനം 22ന് പത്തനംതിട്ട: ഓണക്കിറ്റ് വിതരണത്തിന്റെ ജില്ലതല ഉദ്ഘാടനം 22ന് വൈകീട്ട്​ 4.30ന് കലക്​ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യാതിഥിയാകും. ജില്ലയിലെ 3,58,240 റേഷന്‍ കാര്‍ഡുടമകള്‍ക്കും ഓണത്തിന്​ മുമ്പ്​ കിറ്റ് വിതരണം നടത്തുന്നതിനുള്ള നടപടി സപ്ലൈകോയുടെ മേല്‍ നോട്ടത്തില്‍ ജില്ലയിലെ വിവിധ പായ്ക്കിങ്​ സെന്ററുകളില്‍ നടക്കുകയാണെന്ന് ജില്ല സപ്ലൈ ഓഫിസര്‍ എം. അനില്‍ അറിയിച്ചു. ജില്ലയില്‍ ആകെ 23,294 എ.വൈ, 1,12,959 പി.എച്ച്.എച്ച്, 92,489 എൻ.പി.എസ് 1,29,498 എൻ.പി.എന്‍.എസ്​ കാര്‍ഡുടമകളാണുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.