വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

പത്തനംതിട്ട: സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗരേഖ പ്രകാരം ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2022-23 വാര്‍ഷിക പദ്ധതിക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഏനാദിമംഗലം, കടമ്പനാട് പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്കാണ് അംഗീകാരം. നേരത്തേ ജില്ല ആസൂത്രണസമിതി 63 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പദ്ധതി നടത്തിപ്പ് നടപടികളിലേക്ക് കടക്കണമെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അധ്യക്ഷതവഹിച്ച ജില്ല ആസൂത്രണ സമിതി ചെയര്‍മാനും ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍ദേശിച്ചു. ഇനി പുറമറ്റം പഞ്ചായത്ത് മാത്രമാണ് വാര്‍ഷിക പദ്ധതി സമര്‍പ്പിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം ബി. രാധാകൃഷ്ണന്‍, ജില്ല പ്ലാനിങ്​ ഓഫിസര്‍ സാബു സി.മാത്യു, അസി. ജില്ല പ്ലാനിങ്​ ഓഫിസര്‍ ജി. ഉല്ലാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ------------------------------- അധ്യാപകര്‍ക്ക്​ മത്സരങ്ങള്‍ പത്തനംതിട്ട: ദേശീയ അധ്യാപക ദിനാചരണ ഭാഗമായി ജില്ലതലത്തില്‍ അധ്യാപകര്‍ക്കുള്ള മത്സരങ്ങള്‍ 23ന് തിരുവല്ല ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംഘഗാനം, കവിയരങ്ങ്, ലളിതഗാനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. കവിയരങ്ങില്‍ അധ്യാപകര്‍ സ്വയം രചിച്ച കവിതകളായിരിക്കണം അവതരിപ്പിക്കേണ്ടത്. സംഘഗാനം ടീമില്‍ 10 അധ്യാപകര്‍ വരെ ഉള്‍പ്പെടാം. സംഘഗാനത്തിന് 10 മിനിറ്റും കവിയരങ്ങിന് എട്ടുമിനിറ്റും ലളിതഗാനത്തിന് അഞ്ചു മിനിറ്റുമാണ് അനുവദിച്ചിട്ടുള്ളത്. പങ്കെടുക്കുന്ന അധ്യാപകര്‍ അന്നേദിവസം രാവിലെ 9.30ന് തിരുവല്ല ഡയറ്റിലെ വേദിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകഭായ് അറിയിച്ചു. ------------------ ശാസ്ത്രീയ ജാതികൃഷി പരിശീലനം 23ന് പത്തനംതിട്ട: ജില്ല കൃഷിവിജ്ഞാന കേന്ദ്രം ആഭിമുഖ്യത്തില്‍ ശാസ്ത്രീയ ജാതികൃഷിയില്‍ പരിശീലനം സംഘടിപ്പിക്കുന്നു. 23ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ 22ന് ഉച്ചക്ക്​ മൂന്നിന്​ മുമ്പ്​ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8078 572094.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.