ബഹളത്തിൽ മുങ്ങി പന്തളം നഗരസഭ കൗൺസിൽ യോഗം

രണ്ട് അജണ്ട പാസാക്കി പന്തളം: നഗരസഭ കൗൺസിലിൽ ബഹളത്തിനിടയിൽ രണ്ട് അജണ്ട പാസാക്കി ചെയർപേഴ്സൻ. ബുധനാഴ്ച കൂടിയ നഗരസഭ കൗൺസിൽ എടുക്കേണ്ട അജണ്ടകൾ ചെയർപേഴ്സന്‍റെ അസഭ്യവർഷത്തെ തുടർന്നുള്ള ചർച്ചയിൽ ബഹളത്തിൽ കലാശിച്ചിരുന്നു. തുടർന്ന് മാറ്റിവെച്ച നഗരസഭ കൗൺസിലാണ് വ്യാഴാഴ്ച ഉച്ചക്ക്​ രണ്ടരയോടെ വീണ്ടും വിളിച്ചുകൂട്ടിയത്. വ്യാഴാഴ്ച ഉച്ചക്ക്​ നടപടിക്രമങ്ങൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ അംഗങ്ങളായ എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാർ ചെയർപേഴ്സന്‍റെ രാജി ആവശ്യപ്പെട്ട് ബഹളംവെച്ചു. ബഹളത്തിനിടെ ചെയർപേഴ്സൻ സുശീല സന്തോഷ് രണ്ട് അജണ്ട പാസാക്കിയതായി പ്രഖ്യാപിച്ചു. തുടർന്ന് പ്രതിപക്ഷം യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങി നഗരസഭയുടെ പ്രധാന ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്തു. ബി.ജെ.പിയിലെ മൂന്ന് കൗൺസിലർമാരായ ശ്രീ​ദേവി, കെ.വി. പ്രഭ, കോമളവല്ലി എന്നിവരും കൗൺസിൽ യോഗത്തിൽനിന്ന്​ വിട്ടുനിന്നു. മഴക്കെടുതിയും പുതുതായി നിർമിക്കുന്ന മുനിസിപ്പൽ കോംപ്ലക്സ് നിർമാണ അജണ്ടയുമാണ്​ പാസാക്കിയത്​. എന്നാൽ, പ്രതിപക്ഷം 48 മണിക്കൂറിനകം വിയോജനക്കുറിപ്പ് തയാറാക്കി അയച്ചാൽ പാസാക്കിയ അജണ്ടയിന്മേൽ ഭൂരിപക്ഷം പരിശോധിച്ചു മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്ന് നഗരസഭ സെക്രട്ടറി എ.എം. മുംതാസ് പറഞ്ഞു. ഫോട്ടോ : പന്തളം നഗരസഭയിലെ പ്രധാന കവാടത്തിന് മുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.