വെള്ളപ്പൊക്കത്തിൽ വലഞ്ഞ്​ മുടിയൂർക്കോണത്തെ കുടുംബങ്ങൾ

പാഴ്‌വാക്കായി പ്രതിരോധ നടപടികൾ പന്തളം: പന്തളത്ത് തുടർക്കഥയായ വെള്ളപ്പൊക്കത്തിന്​ ശാശ്വത പരിഹാരമില്ലാത്തത്​ മൂടിയൂർക്കോണം ഭാഗത്തെ നിരവധി കുടുംബങ്ങൾ കടുത്ത ആശങ്കയിൽ. പ്രതിരോധ നടപടികൾ പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങുകയാണ്​. മൂന്നു ദിവസമായി തുടർച്ചയായി മഴ പെയ്യുന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ വീണ്ടും ദുരിതത്തിലായി. അച്ചൻകോവിലാറ്റിൽ നേരിയ തോതിൽ ജലനിരപ്പുയർന്നിട്ടുമുണ്ട്. കഴിഞ്ഞ ഒക്ടോബറിലെ വെള്ളപ്പൊക്കത്തിൽ നഗരസഭയിലെ 33ൽ 28 വാർഡുകളും വെള്ളപ്പൊക്ക ബാധിതമായിരുന്നു. നൂറുകണക്കിന്​ കുടുംബങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നിരുന്നു. കടയ്ക്കാട്, തോന്നല്ലൂർ, ചേരിയ്​ക്കൽ, മുടിയൂർക്കോണം, മുട്ടാർ ഭാഗങ്ങളിലായിരുന്നു വെള്ളപ്പൊക്കം രൂക്ഷം. മുടിയൂർക്കോണം നാഥനടി കളത്തിലെ ഒമ്പത്​ കുടുംബങ്ങൾക്ക് 2018ലെ പ്രളയത്തിൽ ഉൾപ്പെടെ അഞ്ച്​ തവണയാണ് വെള്ളപ്പൊക്കം കാരണം വീടൊഴിയേണ്ടി വന്നത്. അച്ചൻകോവിലാറിന്‍റെ തീരമിടിച്ചിലാണ് മറ്റൊരു ഭീഷണി. മിക്ക കടവുകളും തകർന്ന നിലയിലാണ്. തീരവും കടവുകളും സംരക്ഷിക്കാനുള്ള പദ്ധതികളും നടപ്പാക്കാനായില്ല. വെള്ളപ്പൊക്ക പ്രതിരോധത്തിന് ​സർക്കാർ തലത്തിലും നഗരസഭയും വെവ്വേറെ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഫൈബർ ബോട്ടുകൾ വാങ്ങാൻ നഗരസഭ വകയിരുത്തിയത് അഞ്ചു ലക്ഷം രൂപയാണ്. കഴിഞ്ഞ നവംബർ 20ന് വികസന സ്ഥിരം സമിതിയിൽ ചർച്ച ചെയ്ത്​ തീരുമാനവുമെടുത്തു. എന്നാൽ, കൗൺസിലിൽ തീരുമാനമെടുത്തത് അഞ്ച്​മാസം വൈകി മേയിലാണ്. 10 ബോട്ടുകളും ജാക്കറ്റും തുഴയുമാണ് ഉൾപ്പെടുത്തിയത്. ബോട്ട് വാങ്ങൽ ഇനിയും പ്രാവർത്തികമായില്ല. ഇതിനിടെ, പദ്ധതി തുക മൂന്ന്​ ലക്ഷമായി കുറക്കുകയും ചെയ്തു. തിമിർത്ത്​ രണ്ടു മഴപെയ്താൽ നെഞ്ചിൽ തീയാണ് ഈ പ്രദേശത്തെ വീട്ടമ്മമാർക്ക്. കുട്ടികളും പ്രായമുള്ളവരുമായി സമീപത്തെ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടാനാണ്​ ഇവരുടെ വിധി. ഫോട്ടോ: വെള്ളപ്പൊക്ക സാധ്യത കണ്ട്​ മുടിയൂർക്കോണം നാഥനടി കളത്തിലെ ഒരു വീട്ടിൽ വീട്ടുപകരണങ്ങളും കട്ടിലും വീടിന്​ മുകളിൽ കെട്ടിയിട്ടിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.