ചെയർപേഴ്​സ​ന്‍റെ അസഭ്യവർഷം: ബഹളത്തിൽ മുങ്ങി നഗരസഭ കൗൺസിൽ

lead ചെയർപേഴ്‌സനും കെ.വി. പ്രഭയുമായാണ്​ തർക്കം സ്ത്രീത്വത്തെ അപമാനിച്ചുവെന്ന്​ സുശീല സന്തോഷ്​ പന്തളം: നഗരസഭ ഹാളിൽ ചെയർപേഴ്‌സനും ബി.ജെ.പി കൗൺസിലറും തമ്മിലെ തർക്കത്തിന്‍റെയും അസഭ്യവർഷത്തിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ നഗരസഭ കൗൺസിൽ ബഹളത്തിൽ കലാശിച്ചു. പാർലമെന്‍ററി പാർട്ടി ലീഡറും ബി.ജെ.പി ജില്ല സെക്രട്ടറിയുമായ കെ.വി. പ്രഭയോട് ചെയർപേഴ്‌സൻ സുശീല സന്തോഷ് മോശമായി സംസാരിക്കുന്ന വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലെത്തിയത്​ സംബന്ധിച്ച് ചെയർപേഴ്സൻ വിശദീകരിക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. കൗൺസിൽ ആരംഭിച്ചപ്പോൾതന്നെ ബി.ജെ.പിയിലെ മറ്റു കൗൺസിലർമാർ ഈ ആവശ്യവുമായി ചെയർപേഴ്സനെ സമീപിച്ചിരുന്നു. ഞായറാഴ്ച രാത്രിയോടെ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ഭർത്താവുമൊത്ത് നഗരസഭ ഓഫിസിലെത്തിയ ചെയർപേഴ്സന്‍റെ ചിത്രം സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തിൽ മൊബൈലിൽ പകർത്തി പാർട്ടി ഗ്രൂപ്പിൽ ബി.ജെ.പി പാർലമെന്‍ററി പാർട്ടി ലീഡർ കെ.വി. പ്രഭയിട്ടതാണ്​ വാക്കുതർക്കത്തിന്​ ഇടയാക്കിയത്​. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ നഗരസഭ കൗൺസിൽ ഹാളിൽവെച്ച്​ ചെയർപേഴ്സൻ സുശീല സന്തോഷും കെ.വി. പ്രഭയുമായി ഇതുസംബന്ധിച്ച്​ വാക്കുതർക്കമുണ്ടായി. ചെയർപേഴ്​സൻ മോശമായി സംസാരിക്കുന്ന രംഗം മറ്റൊരു ബി.ജെപി കൗൺസിലറായ കിഷോർ കുമാറാണ്​ മൊബൈൽ ഫോണിൽ പകർത്തിയത്​. പിന്നീട് ഇത്​ സമൂഹമാധ്യമങ്ങളിലും നൽകിയെന്ന് ചെയർപേഴ്സൻ കൗൺസിലിൽ അറിയിച്ചതോടെ പ്രതിപക്ഷ ബഹളം രൂക്ഷമായി. വിവാദത്തിൽപ്പെട്ട കൗൺസിലർമാരെ പുറത്താക്കണമെന്നും പൊലീസിൽ പരാതി നൽകണമെന്നും പ്രതിപക്ഷ അംഗങ്ങൾ ചെയർപേഴ്സനോട് അഭ്യർഥിച്ചു. പ്രതിപക്ഷം ചെയർപേഴ്സന്‍റെ ചേംബറിന്​ അടുത്തെത്തി ബഹളംവെച്ചു. പാർട്ടിയോട് ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നുപറഞ്ഞ്​ ചെയർപേഴ്സൻ കൗൺസിൽ പിരിച്ചുവിടുകയും ചെയ്തു. എന്നാൽ, ചെയർപേഴ്സന്‍റെ വിശദീകരണത്തിൽ തൃപ്തരാകാതിരുന്ന പ്രതിപക്ഷം പ്രകടനവുമായി നഗരസഭയുടെ മുന്നിലെത്തി. ഇതേ ആവശ്യം ഉന്നയിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നഗരസഭ കവാടത്തിൽ ഉപരോധവും ഏർപ്പെടുത്തി. കോൺഗ്രസ് കൗൺസിലർമാർ നഗരസഭയുടെ ഫ്രണ്ട് ഓഫിസിലെത്തി കുത്തിയിരിപ്പ് സമരവും ആരംഭിച്ചു. സംഭവമറിഞ്ഞ് പന്തളം പൊലീസും സ്ഥലത്തെത്തി. പദ്ധതി ഡി.പി.സിക്ക്‌ സമർപ്പിക്കുന്നതിനായി ഞായറാഴ്ച വൈകിയും നഗരസഭയിൽ ജോലിനടക്കുന്നുണ്ടായിരുന്നു. ചെയർപേഴ്‌സനെ വിളിക്കാനെത്തിയ ഭർത്താവ് നഗരസഭ ഓഫിസിലിരിക്കുന്ന ചിത്രം പ്രചരിപ്പിച്ചതാണ് ചെയർപേഴ്‌സനെ പ്രകോപിതയാക്കിയത്. മറ്റൊരു ബി.ജെ.പി കൗൺസിലറായ രശ്മി രാജീവിന്‍റെ ചിത്രം പ്രചരിപ്പിച്ചതും പ്രതിപക്ഷം കൗൺസിലിൽ ഉന്നയിച്ചു. നഗരസഭയിൽ ബി.ജെ.പി അധികാരത്തിലേറിയ നാൾ മുതൽ നഗരസഭയുടെ പ്രവർത്തനത്തിന് കളങ്കപ്പെടുത്തുന്ന തരത്തിലാണ് പാർലമെന്‍ററി പാർട്ടി ലീഡറായ കെ.വി. പ്രഭയുടെ ഭാഗത്തുനിന്ന്​ ഉണ്ടാകുന്നതെന്നും നഗരസഭയുടെ എല്ലാ പദ്ധതികളെയും പ്രഭയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയിലെ ചില കൗൺസിലർമാർ അട്ടിമറിക്കുന്നതായി നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് പറഞ്ഞു. പാർട്ടി സംസ്ഥാന ജില്ല നേതാക്കന്മാരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ബി.ജെ.പി പന്തളം മുനിസിപ്പൽ കമ്മിറ്റിയുടെ മൗന അനുവാദത്തോടുകൂടിയാണ് കെ.വി. പ്രഭ നഗരസഭ ഭരണത്തെ പ്രതിസന്ധിയിലാക്കുന്നമെന്നും സുശീല സന്തോഷ് പറഞ്ഞു. മുമ്പ് പല കൗൺസിലർമാരുടെയും ചിത്രങ്ങൾ മൊബൈലിൽ പകർത്തി അശ്ലീല ചുവയോടുകൂടി കെ.വി. പ്രഭ ഗ്രൂപ്പുകളിൽ ഇട്ടിട്ടുണ്ടെന്നും കുടുംബമാണ് ഞങ്ങൾക്ക് വലുതെന്നും ചെയർപേഴ്സൻ പറഞ്ഞു. നഗരസഭയിലെ വിവിധ പദ്ധതികളെച്ചൊല്ലിയുള്ള തർക്കവും ഇവർക്കിടയിൽ ഭിന്നതക്ക്​ കാരണമായിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് നഗരസഭയിൽ സെക്രട്ടറിയെ കെ.വി. പ്രഭയുടെ നേതൃത്വത്തിൽ ചില കൗൺസിലർമാർ ഉപരോധിച്ചിരുന്നു. ഇത് ബി.ജെ.പി ഘടകങ്ങളിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാൽ, മൊബൈൽ ഫോൺ ചിത്രം പകർത്തിയത് ഞങ്ങളല്ലെന്നും പാർട്ടി നേതൃത്വം ഇതിന്​ മറുപടി നൽകുമെന്നും കെ.വി. പ്രഭ പറഞ്ഞു. വ്യക്തിപരമായി അധിക്ഷേപിച്ചു -സുശീല സന്തോഷ്, വ്യക്തിപരമായി കുടുംബത്തെയുൾപ്പെടെ അധിക്ഷേപിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാലാണ് ഇത്തരത്തിലെ പ്രതികരണത്തിന് മുതിർന്നത്. കൗൺസിലറുടെ ഇത്തരം നടപടിക്കെതിരെ പാർട്ടിയുടെ മേൽഘടകത്തിൽ പരാതിനൽകും. ഭരണം ലഭിച്ചനാൾ മുതൽ ഭരണത്തെ പ്രതിസന്ധിയിലാക്കുന്നത് കെ.വി. പ്രഭയാണ്. സ്ത്രീത്വത്തെ അപമാനിച്ചതാണ് പ്രകോപനത്തിന് കാരണമായത്, മുനിസിപ്പൽ കോൺഫറൻസ് ഹാളിൽവെച്ച് ഇത്തരം സംഭാഷണം നടത്തിയതിൽ ഖേദം ഉണ്ടെന്നും ചെയർപേഴ്സൻ പറഞ്ഞു. മുമ്പ് നഗരസഭയിൽ ഇത്തരത്തിൽ വിഭാഗീയത ഉണ്ടായപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി പ്രശ്നങ്ങൾ പരിഹരിച്ചതാണ്. വീണ്ടും കെ.വി. പ്രഭയുടെ ഭാഗത്തുനിന്ന്​ ഗുരുതര വീഴ്ചകളാണ് സംഭവിക്കുന്നതെന്നും ചെയർപേഴ്സൻ പറഞ്ഞു. ഫോട്ടോ: നഗരസഭ കൗൺസിൽ യോഗത്തിൽ ചെയർപേഴ്സനോട് തട്ടിക്കയറുന്ന പ്രതിപക്ഷ മെംബർമാർ ഫോട്ടോ: ബി.ജെ.പി പാർലമെന്‍ററി പാർട്ടി ലീഡർ കെ.വി. പ്രഭയും ചെയർപേഴ്സൻ സുശീല സന്തോഷുമായുള്ള തർക്കം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.