തമ്മിലടിച്ച് നേതാക്കൾ; പ്രതികരിക്കാൻ കഴിയാതെ ബി.ജെ.പി

package പന്തളം: തമ്മിലടിച്ച് നേതാക്കൾ, പ്രതികരിക്കാൻ കഴിയാതെ ബി.ജെ.പി നേതൃത്വം. തെക്കൻ കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ എത്തിയ ഏക നഗരസഭയാണ് പന്തളം. നഗരസഭ ചെയർപേഴ്സനും പാർലമെന്‍ററി പാർട്ടി ലീഡർമാരും തമ്മിൽ നടന്ന അസഭ്യവർഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് ബി.ജെ.പി നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ശബരിമല സ്ത്രീ പ്രവേശനവിഷയം മുൻനിർത്തി നടന്ന സമരപരിപാടികളുടെ ശക്തികേന്ദ്രമായിരുന്നു പന്തളം. ഇതിലൂടെയാണ്​ നഗരസഭ ഭരണം ബി.ജെ.പി പിടിച്ചത്​. എന്നാൽ, ഭരണംലഭിച്ച് ഏറെ വൈകാതെ തന്നെ ബി.ജെ.പി കൗൺസിലർമാർക്കിടെ ചേരിപ്പോരും അസ്വാരസ്യങ്ങളും പരസ്യമായി. ബി.ജെ.പിയുടെ പ്രാദേശിക ജില്ല നേതൃത്വങ്ങളുടെ ഇടപെടലുകൾ കൊണ്ട് ഫലമില്ലാതായതോടെ സംസ്ഥാന നേതൃത്വവും വിഷയത്തിൽ ഇടപെട്ടു. അടുത്തിടെ സംസ്ഥാന സെക്രട്ടറി കൃഷ്ണകുമാർ ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇതുകൊണ്ടൊന്നും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ചെയർമാൻ സ്ഥാനത്തേക്ക് എത്തിച്ചേരുമെന്ന് ആദ്യം പ്രതീക്ഷിച്ച കെ.വി. പ്രഭക്കെതിരെയാണ് ചെയർപേഴ്സനും 14 ബി.ജെ.പി കൗൺസിലർമാരും ഇപ്പോൾ വിമർശനം ഉയർത്തുന്നത്​. സംസ്ഥാന നേതൃത്വം ആദ്യം ക്രിസ്ത്യൻ സമുദായ അംഗമായ അച്ചൻകുഞ്ഞ് ജോണിനെ ചെയർമാൻ സ്ഥാനത്തേക്ക്​ പരിഗണിച്ചെങ്കിലും പിന്നീട് പാർട്ടി നേതൃത്വം നടത്തിയ ചർച്ചയിൽ പട്ടികജാതി സമുദായ അംഗമായ സുശീല സന്തോഷിനെ ജനറൽ സീറ്റിൽ ചെയർപേഴ്സനാക്കാൻ തീരുമാനിക്കുകയായിരുന്നു. ഭരണത്തിന്‍റെ ആദ്യനാളുകൾ മുതൽ തന്നെ ബി.ജെ.പിക്ക് ഉള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പലരീതിയിൽ പുറത്തുവ​ന്നെങ്കിലും ഇത്തരം തരംതാഴ്ന്ന രീതിയിൽ വരുന്നത് ആദ്യമായാണ്. ആദ്യതവണ ബജറ്റ്​ അവതരണം തന്നെ വ്യാജമെന്ന് ആരോപിച്ച് അന്നത്തെ സെക്രട്ടറി നഗരസഭ ഭരണം പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയത്​ വലിയ വിവാദത്തിനിടയാക്കി. പിന്നീട് സെക്രട്ടറിയെ മാറ്റി മറ്റൊരു സെക്രട്ടറിയെ നിയമിച്ചതോടെ രണ്ടാമത് അവതരിപ്പിച്ച ബജറ്റ് ചോർന്നു എന്ന് ആരോപിച്ച് വീണ്ടും ബഹളമായി. എല്ലാത്തവണയും നഗരസഭ കൗൺസിൽ കൂടുമ്പോൾ പ്രതിപക്ഷങ്ങൾ പല ആരോപണങ്ങൾ ഉന്നയിച്ച് ഭരണകക്ഷിയെ പ്രതിസന്ധിയിലാക്കുമ്പോൾ പ്രതിപക്ഷ സമരത്തിന് ആവേശംകൂട്ടുന്ന തരത്തിലായിരുന്നു ഭരണകക്ഷിയിലെ ഒരുവിഭാഗം ബി.ജെ.പി കൗൺസിലർമാരുടെ സമീപനം. ഇപ്പോൾ നഗരസഭയിലുണ്ടായ സംഭവവികാസങ്ങളിൽ സംസ്ഥാന നേതൃത്വം ജില്ല കമ്മിറ്റിയോടും പന്തളം മുനിസിപ്പൽ കമ്മിറ്റിയോടും വിശദീകരണം തേടിയിട്ടുണ്ട്. ബി.ജെ.പി പാർലമെന്‍ററി പാർട്ടി ലീഡർ കെ.വി. പ്രഭക്കെതിരെ വനിത കൗൺസിലർമാർ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. നിരവധി വനിത കൗൺസിൽമാരോട് മോശം പെരുമാറ്റം നടത്തിയതായി ചെയർപേഴ്സൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നഗരസഭ ചെയർപേഴ്സന്‍റെ വെളിപ്പെടുത്തൽ പ്രതിപക്ഷം ഏറ്റെടുത്തതോടെ പാർട്ടി നേതൃത്വത്തിന്​ മറുപടി പറയാൻ ബാധ്യതയുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.