പന്തളം വെള്ളപ്പൊക്ക ഭീഷണിയിൽ

പന്തളം: മഴ കനത്തോടെ പന്തളത്ത് വെള്ളപ്പൊക്ക ഭീഷണി. രണ്ടുദിവസമായി പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കൂടിയായതോടെ അച്ചൻകോവിലാറ്റിലെ ജലനിരപ്പ് ഒരടിയിലേറെ ഉയർന്നു. തുമ്പമൺ, കുളനട പഞ്ചായത്തുകളുടെ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറി. ഇവിടങ്ങളിലെ ഹൃസ്വകാല കൃഷികളെയും കാര്യമായി ബാധിച്ചു. വിളവാകാത്ത ഏത്തവാഴ, കപ്പ കൃഷിയെയാണ് കൂടുതലായി ബാധിച്ചത്. ഓണത്തിന് വിളവെടുക്കാവുന്ന കൃഷികളിൽ ഏതു നിമിഷവും വെള്ളം കയറാവുന്ന നിലയിലാണ്. കപ്പയടക്കമുള്ള വിളകൾ പറിച്ചെടുക്കാൻ കർഷകർ തയാറെടുക്കുകയാണ്. കര കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. മഴ തുടർന്നാൽ കൃഷി നാശത്തിന് കാരണമാകും. മലവെള്ളപ്പാച്ചിലിൽ അച്ഛൻകോവിലാറിന്‍റെ ഇരുകരകളിലേക്കും വെള്ളം ഇരച്ചുകയറി. മഴ തുടരുന്നതിലും അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിലും തീരവാസികൾ ആശങ്കയിലാണ്. കഴിഞ്ഞദിവസം രാത്രി മുതലാണ്​ അച്ചൻകോവിലാറ് കവിഞ്ഞൊഴുകുന്നത്. നഗരസഭയുടെ പടിഞ്ഞാറ് മേഖലയായ മുടിയൂർക്കോണം, ഐരാണിക്കുഴി ഭാഗങ്ങളിൽ കൃഷിയിടങ്ങൾ വെള്ളത്തിലായി. പന്തളം, കുരമ്പാല വില്ലേജുകളുടെ കീഴിൽ രണ്ട്​ ദുരിതാശ്വാസ ക്യാമ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ റവന്യൂ വകുപ്പ് വിലയിരുത്തി. മഴക്കെടുതിയുള്ള പ്രദേശങ്ങളിലും വീടുകളിൽനിന്ന് ആളുകളെ മാറ്റി താമസിപ്പിക്കാനും ഏത് സാഹചര്യത്തെ നേരിടാനും സജ്ജമാണെന്ന്​ റവന്യൂ അധികൃതർ അറിയിച്ചു. ഫോട്ടോ: ഐരാണിക്കുഴി തോട്ടിൽ വെള്ളം ഉയർന്നതിനെ തുടർന്ന് സമീപ കൃഷി സ്ഥലങ്ങളിലേക്ക് വെള്ളം കയറിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.