അടൂർ: അടൂരിലെത്തുന്നവർ സസൂക്ഷ്മം സഞ്ചരിച്ചില്ലെങ്കിൽ അപകടത്തിൽപ്പെടുമെന്നത് തീർച്ച. വലിയ കുഴികളും പാതയിൽ മുനയായി നിൽക്കുന്ന ആണികളും ലോഹത്തകിടുകളും ഇരുമ്പുകഷ്ണങ്ങളും ഫ്ലക്സ് ബോർഡുകളും യാത്രക്കാരുടെ ശരീരത്തിൽ പരിക്കേൽപിക്കുന്നത് നിത്യസംഭവമാണ്. എല്ലാം രണ്ട് പാലംപണിയെ തുടർന്നുണ്ടായ വിശേഷങ്ങൾ. അടൂർ കെ.എസ്.ആർ.ടി.സി ജങ്ഷനിൽ വടക്കുവശത്ത് സ്വകാര്യ ബസ് ബേയായി തിരിച്ച ഭാഗത്ത് ഇരുമ്പുതൂണുകളാൽ ട്രാഫിക് പൊലീസ് സ്ഥാപിച്ച ഡിവൈഡറുകൾ ഇളക്കി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിലേക്ക് തള്ളിയത് കാൽനടക്കാർക്ക് വിനയായി. റോഡ് നവീകരണത്തിന്‍റെ ഭാഗമായിട്ടാണ് ഇവ ഇളക്കിമാറ്റിവെച്ചത്. ബസിൽ കയറാൻവരുന്ന യാത്രക്കാർ ഡിവൈഡറുകളിൽ തട്ടി മറിഞ്ഞുവീഴുകയും സാരമായി പരിക്കേൽക്കുകയും ചെയ്യുന്നത് പതിവായി. കഴിഞ്ഞദിവസം രണ്ട് യാത്രക്കാരുടെ കൈകാലുകൾ ഇതിൽ തട്ടി സാരമായി പരിക്കേറ്റിരുന്നു. റോഡ്പണി ചെയ്യുന്നവരാണ് ഇവ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുമുന്നിലേക്ക് തള്ളിയത്. ഇത് നിയമപാലകരും കണ്ട മട്ടില്ല. യാത്രക്കാർക്ക് അപകടഭീഷണി ആയിട്ടും ഇതുവരെ മാറ്റിയിട്ടില്ല. ഇരട്ടപ്പാലത്തിന്‍റെ നിർമാണത്തിന്‍റെ ഭാഗമായി പുതുതായി ജലഅതോറിറ്റി പൈപ്പിട്ട ഭാഗങ്ങൾ മഴയെ തുടർന്ന് ഇടിഞ്ഞ് കുഴികളായി. റോഡിന്‍റെ ടാറിങ് ഭാഗം പൊട്ടിച്ചാണ് പൈപ്പിട്ടത്. പൈപ്പിടൽ പൂർത്തിയായശേഷം മണ്ണിട്ട ഭാഗത്ത് ടാറിങ് നടത്തിയില്ല. ഇതോടെ റോഡിന്‍റെ ഒരു വശത്തുകൂടിയുള്ള യാത്ര അപകട ഭീഷണി ഉയർത്തുകയാണ്. ഹോളീക്രോസ് ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ജങ്ഷൻ വരെ ഇതാണ് സ്ഥിതി. ഹോളീക്രോസ് ജങ്ഷനിൽ താഴ്ന്ന ഭാഗത്ത് മറിയാതിരിക്കാൻ ഓട്ടോ തൊഴിലാളികൾ കുഴിയുടെ ഭാഗത്ത് ടയറുകൾ വെച്ചിരിക്കുകയാണ്. പൈപ്പുപൊട്ടി തകരാർ പരിഹരിക്കാനും ടെലിഫോൺ കേബിളിന്‍റെ തകരാർ പരിഹരിക്കാനുമായി എടുത്ത കുഴികൾ പലതും നികത്തിയിട്ടില്ല. ഹോളിക്രോസ് ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ജങ്ഷൻ വരെ റോഡിന്‍റെ വശങ്ങളിൽ വാഹനങ്ങൾ ഇറക്കാൻ കഴിയാത്തവിധം പൈപ്പിട്ട ഭാഗം താഴ്ന്നുകിടക്കുകയാണ്. ഇതുകാരണം കടകളുടെ മുന്നിലേക്ക് വാഹനങ്ങൾ കയറ്റാൻ കഴിയില്ല. കൂടാതെ ടൗൺ റോഡിന്‍റെ പലഭാഗത്തും നിരവധി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. റോഡിന്‍റെ തകർച്ചമൂലം നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. PTL ADR Road 1. അടൂർ ഇരട്ടപ്പാലത്തിനുസമീപം ശക്തമായ മഴയിൽ ഇടിഞ്ഞുതാഴ്ന്ന കുഴിയിൽ ലോറിയുടെ ചക്രം അകപ്പെട്ടപ്പോൾ 2. അടൂർ കെ.എസ്.ആർ.ടി.സി ജങ്ഷനിലെ ബസ് ബേയിൽ കൂട്ടിയിട്ട ഡിവൈഡറുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.