കോമളം പാലം സമീപന പാത തകർന്നിട്ട് എട്ട് മാസം; താൽക്കാലിക പാലം വാഗ്ദാനം മാത്രമായി

മല്ലപ്പള്ളി: വെണ്ണിക്കുളം കോമളത്ത് യാത്രമാർഗം ഇല്ലാതായി എട്ട്​ മാസം കഴിഞ്ഞിട്ടും പരിഹാരമില്ല. അധികാരികളുടെ അലംഭാവം മൂലം ജനം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്​. കഴിഞ്ഞ ഒക്ടോബർ 16ന് മണിമലയാറ്റിലുണ്ടായ മിന്നൽ പ്രളയത്തിലാണ്​ പുറമറ്റം- കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിക്കുന്ന കോമളംപാലത്തിന്റെ സമീപന പാത തകർന്നത്. സമീപന പാത ഒലിച്ചുപോയതോടെ പാലത്തിലൂടെയുള്ള യാത്രയും പൂർണമായും ഇല്ലാതായി. ഇതോടെ കോമളം, തുരുത്തിക്കാട്, അമ്പാട്ടുഭാഗം, കുംഭമല തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. പെണ്ണിക്കുളം, പുറമറ്റം, കോഴഞ്ചേരി, തിരുവല്ല, റാന്നി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും ജോലിക്കുപോകുന്നവരും തൊഴിലാളികളുമടക്കം നൂറുക്കണക്കിന് ആളുകളാണ് ദുരിതം അനുഭവിക്കുന്നത്. വെണ്ണിക്കുളത്തെ വ്യാപാര സ്ഥാപനങ്ങൾക്കും പാലം ഇല്ലാതായത് നഷ്ടങ്ങളുടെ കണക്ക് ഇരട്ടിയാക്കി. മറ്റ് യാത്രാമാർഗമില്ലാത്തതിനാൽ പ്രദേശവാസികൾ ഏറെ ദൂരം സഞ്ചരിച്ചു വേണം ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ. താൽക്കാലിക പാലമെന്ന ആവശ്യത്തിനും പരിഹാരമായില്ല. താൽക്കാലിക പാലത്തിന്​ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി​ മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കാത്തിൽ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. കോമളത്ത് സേവാഭാരതി നേതൃത്വത്തിൽ നടപ്പാലം നിർമിച്ചിരുന്നു. എന്നാൽ, മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ നടപ്പാലം പൊളിച്ചുമാറ്റി. മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നതും കാലവർഷം എത്തുന്നതും താൽക്കാലിക പാലം ഇനിയും വൈകും. രണ്ടുമാസം മുമ്പ്​ താൽക്കാലിക പാലത്തിന്‍റെ രൂപരേഖ തയാറാക്കിയിരുന്നു. 2.5 കോടിയുടെ എസ്റ്റിമേറ്റും ഭരണാനുമതിക്കായി സമർപ്പിച്ചിരുന്നെന്നാണ് അറിയുന്നത്. കോമളത്ത് പുതിയ പാലത്തിന് ബജറ്റിൽ 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വാഹനങ്ങൾ കടന്നുപോകാൻ കഴിയുന്ന താൽക്കാലിക പാലം നിർമിച്ചാൽ മാത്രമേ പ്രദേശത്തെ യാത്ര ക്ലേശത്തിന് പരിഹാരമാകൂ. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ യാത്രാവള്ളം ഏർപ്പെടുത്തുകയോ വെണ്ണിക്കുളം ഭാഗത്തേക്ക് സർക്കുലർ ബസ് അനുവദിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ: സമീപന പാത തകർന്ന കോമളം പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.