ആരോഗ്യമന്ത്രിയുടെ ആരോപണം: അന്വേഷണം നടത്തണം

പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കർക്കെതിരെ ആരോഗ്യമന്ത്രി വീണ ജോർജ് ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയാറാകണമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ ആവശ്യപ്പെട്ടു. ചിറ്റയം ഗോപകുമാറിനെതിരെ ആരോഗ്യമന്ത്രി ഉന്നയിച്ച വിഷയങ്ങൾ വസ്തുതാപരമെന്ന് ബോധ്യമുണ്ടെങ്കിൽ അത് ആഭ്യന്തരവകുപ്പിന് കൈമാറാൻ മന്ത്രി തയാറാകണമെന്നും ധാർമികത ഏറ്റെടുത്തു തൽസ്ഥാനത്തുനിന്ന്​ മാറിനിൽക്കാൻ ഡെപ്യൂട്ടി സ്പീക്കറും തയാറാകണം. ആരോഗ്യമന്ത്രി പ്രതിനിധാനം ചെയ്യുന്ന ജില്ലയിലെ ആശുപത്രികളുടെയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും സ്ഥിതി പരിതാപകരമാണ്. അപകടത്തിൽപ്പെട്ട ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനുപോലും പ്രാഥമിക ചികിത്സ സൗകര്യം ഒരുക്കാൻ മന്ത്രി പ്രതിനിധാനം ചെയ്യുന്ന ജില്ല ആസ്ഥാനത്തെ ആശുപത്രിക്ക്‌ കഴിയാതിരുന്നത് ജില്ലയിലെ ആതുരസേവന രംഗത്തെ പരാജയത്തിന്റെ ഏറ്റവും അവസാന ഉദാഹരണമാണ്. ആരോഗ്യമന്ത്രിയുടെ നിയോജകമണ്ഡലത്തിലെ അടൂർ ജനറൽ ആശുപത്രിയുടെ അവസ്ഥയും മറിച്ചല്ല. വലിയ കെട്ടിടസമുച്ചയങ്ങളല്ലാതെ വേണ്ടത്ര ഡോക്ടർമാരുടെയോ മറ്റ് ജീവനക്കാരുടെയോ സേവനങ്ങൾ ഇവിടെനിന്ന്​ ലഭിക്കുന്നില്ല. എം.സി റോഡരികിലെ ആശുപത്രിയെന്ന നിലയിൽ ദിനംപ്രതി അപകടങ്ങൾ സംഭവിച്ചെത്തുന്നവർക്ക് ചികിത്സ ലഭ്യമാക്കാൻ കഴിയാതെ മെഡിക്കൽ കോളജുകളിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും പറഞ്ഞയക്കുകയാണ്. ആരോഗ്യമന്ത്രി അടുത്തിടെ ആശുപത്രിയിൽ നടത്തിയ സന്ദർശനവും പ്രഹസനമായിരുന്നുവെന്ന് ജനങ്ങൾക്ക് ബോധ്യമായതായും എം.ജി. കണ്ണൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.