ജില്ലയിൽ അതിശക്തമായ മഴക്ക്​ സാധ്യത

പത്തനംതിട്ട: ജില്ലയിൽ 14 മുതല്‍ 16വരെ അതിശക്തമായ മഴക്ക്​​ സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും 17 മുതല്‍ 18 വരെ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റർ മുതല്‍ 204.4 മില്ലിമീറ്റർ വരെയുള്ള മഴയാണ് അതിശക്തമായ മഴയായി കാണുന്നത്​. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115 മില്ലിമീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴകൊണ്ട് അര്‍ഥമാക്കുന്നത്. അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന്​ കലക്ടർ അറിയിച്ചു. അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയാറാവണം. ജാഗ്രത പുലര്‍ത്തണം: അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തി മാറിത്താമസിക്കണം. ശക്തമായ മഴപെയ്യുന്നതിനാല്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ചകാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടില്ല. കാറ്റില്‍ മരങ്ങള്‍ കടപുഴകി പോസ്റ്റുകള്‍ തകര്‍ന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം. അണക്കെട്ടുകളില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.