ലൈഫ്മിഷൻ വീട് ലഭിച്ചവരെ തേടി മണ്ണ് മാഫിയയുടെ തേരോട്ടം

അടൂർ: ലൈഫ് മിഷൻ പദ്ധതിയിൽ വീട് ലഭിച്ചവരെ വലയിട്ട് മണ്ണ് മാഫിയ ഏജന്‍റുമാർ. സർക്കാർ അപേക്ഷകർക്കെല്ലാം തന്നെ വേഗം വീട് അനുവദിക്കുന്നുണ്ട്. ഇത്തരത്തിൽ വീട് ലഭിക്കുന്നവർക്ക് വീടുവെക്കാൻ പച്ചമണ്ണ് നീക്കം ചെയ്യേണ്ട സാഹചര്യത്തിലാണ് മണ്ണ് മാഫിയയുടെ ഇടപെടൽ. കിടപ്പാടമില്ലാത്ത സാധാരണക്കാരൻ മണ്ണ് എടുക്കാൻ നേരിട്ട് മൈനിങ് ആൻഡ്​ ജിയോളജി വകുപ്പ് ഓഫിസിൽ സമീപിച്ചാൽ പെട്ടന്നൊന്നും കാര്യം സാധിക്കാനാകില്ല. ഈ സാഹചര്യം പ്രയോജനപ്പെടുത്തിയാണ് ഏജന്‍റുമാർ വീട്ടുകാരെ സമീപിക്കുന്നത്. അവരിൽനിന്ന്​ ബിൽഡിങ് പെർമിറ്റ്, ഉടമസ്ഥാവകാശ രേഖ, ലൊക്കേഷൻ സ്കെച്ച് എന്നിവ ഏജന്‍റുമാർ വാങ്ങി ജിയോളജി ഓഫിസിൽ എത്തിച്ച് ഞൊടിയിടയിൽ അനുമതി സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. മണ്ണെടുക്കുന്നതിന് ലോഡൊന്നിന് 500 രൂപയാണ് എജന്‍റുമാർ വസ്തു ഉടമക്ക്​ നൽകുന്നത്. എടുത്ത മണ്ണ് ജില്ല അതിർത്തി കടക്കുന്നതോടെ വില വൻതുകയായി ഉയരും. ആദിക്കാട്ടുകുളങ്ങര, പഴകുളം, പറക്കോട് ഭാഗങ്ങളിലുള്ള ഏജന്‍റുമാരാണ് പള്ളിക്കലെ മണ്ണ് കടത്തുന്നത്. മണ്ണ് എടുപ്പിനായി താലൂക്കിൽ അറുപതോളം ഇടനിലക്കാർ തന്നെയുണ്ട്. കൂടാതെ പൊലീസിന്‍റെ നീക്കങ്ങൾ ചോർത്തിനൽകാനും മണ്ണ് വണ്ടിക്ക് പൈലറ്റ് പോകാനും ബൈക്കിൽ നിരവധി ആൾക്കാരുണ്ട്. പള്ളിക്കലിലെ ചെമ്മൺ മലകൾ ഒന്നൊന്നായി ഇടിച്ചുനിരത്തുകയാണ്. പള്ളിക്കൽ പഞ്ചായത്തിലെ കോലമല, ചെറുകുന്നം ഭാഗത്തും ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ചാപ്പാലിലേക്ക് പോകുന്ന ഭാഗത്ത് കനാലിന് സമീപത്തുമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മണ്ണെടുപ്പ് നടന്നത്. വിവരമറിഞ്ഞ് പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ മണ്ണെടുപ്പ് സ്ഥലത്ത് ഷാഡോ പൊലീസ് സംഘം എത്തിയപ്പോഴേക്കും മണ്ണെടുപ്പുകാർ വാഹനവുമായി കടന്നുകളഞ്ഞു. പകൽ രണ്ടിനും മൂന്നിനുമിടയിലാണ് മണ്ണെടുപ്പ് നടക്കുന്നത്. പൊലീസിന് തിരക്കുള്ള സമയം നോക്കിയാണ് മണ്ണെടുപ്പ്. വെള്ളിയാഴ്ച പൊലീസ് പരേഡ് നടക്കുന്ന രാവിലെ ആറ് മുതൽ എട്ട് വരെയാണ് മണ്ണെടുപ്പ് നടക്കുന്നത്. ഈ സമയം സ്റ്റേഷനിൽ ഫോണെടുക്കുകയോ പൊലീസ് പട്രോളിങ്ങോ ഉണ്ടാകാറില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.