എം.സി റോഡിൽ വാഹനാപകടങ്ങൾ പെരുകുന്നു

കഴിഞ്ഞ മൂന്ന് ദിവസം വ്യത്യസ്ത അപകടങ്ങളിൽ മൂന്നുപേർ മരിച്ചു പന്തളം: എം.സി റോഡിൽ പന്തളം മേഖലയിൽ വാഹനാപകടങ്ങൾ പെരുകുന്നു. കഴിഞ്ഞ മൂന്ന് ദിവസം വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നുപേരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ച കടയക്കാട് മത്സ്യമാർക്കറ്റിലേക്ക്​ വരുകയായിരുന്ന മത്സ്യ വ്യാപാരി കുളനട പുന്തല മുകിടയിൽ നജീബ് ഭവനിൽ രാജാസലീം (65) മരിച്ചതാണ്​ ഏറ്റവും ഒടുവിലത്തെ അപകടം. ഇതിന്​ മുമ്പ്​ കുരമ്പാല പുത്തൻകാവ് ക്ഷേത്ര വഞ്ചിക്ക്​ സമീപം നിയന്ത്രണംവിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരനായ തമിഴ്നാട് സ്വദേശി സെൽവൻ (45), മറ്റൊരു അപകടത്തിൽ എം.സി റോഡ് മുറിച്ചുകടക്കവെ കാറിടിച്ചു വീഴ്ത്തിയ പന്തളം കുരമ്പാല ശങ്കരത്തിൽ കുളത്തും വടക്കേതിൽ കെ.വൈ. ബിജു (44) എന്നിവരും മരിച്ചു. ശരീരത്തിലൂടെ മറ്റൊരു കാർ കയറി ആയിരുന്നു ബിജുവിന്‍റെ അന്ത്യം. എം.സി റോഡ് ദേശീയ നിലവാരത്തിലേക്ക് ഉയർത്തിയശേഷം അപകടങ്ങൾക്ക് അറുതി വന്നിട്ടില്ല. നിരവധി പേർ അപകടത്തിൽപെട്ട് പരിക്കേറ്റ്​ ചികിത്സയിലുണ്ട്. വ്യാഴാഴ്ച ഉണ്ടായ അപകടത്തിൽ റോഡിലെ വെളിച്ചക്കുറവും വില്ലനായി. ഓട്ടോറിക്ഷ സ്കൂട്ടറിലിടിച്ച് മത്സ്യ വ്യാപാരി റോഡിൽ തെറിച്ചുവീണ്​ ഏറെ നേരം കിടന്നു. പുലർച്ച ആയതും വഴിവിളക്ക് പ്രകാശിക്കാത്തതുമാണ് രക്ഷപ്രവർത്തനം ​വൈകാൻ ഇടയാക്കിയത്​. മത്സ്യ മാർക്കറ്റിൽ മീൻ എടുക്കാനെത്തിയ വ്യാപാരികളാണ് റോഡിൽ ഒരാൾ അപകടത്തിൽപെട്ട് കിടക്കുന്ന വിവരം പൊലീസിനെ അറിയിക്കുന്നത്. പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് മറ്റു വാഹനങ്ങളുടെ സഹായം തേടുകയായിരുന്നു. പിന്നീട് മീൻപെട്ടിയുമായെത്തിയ പെട്ടി ഓട്ടോറിക്ഷ തടഞ്ഞ് അതിലാണ് ആശുപത്രിയിൽ എത്തിച്ചത്. അശാസ്ത്രീയമായ റോഡ് വികസനവും പന്തളത്തെ ട്രാഫിക് സംവിധാനത്തിന് വീഴ്ചയും മൂലം നിരവധി ജീവനാണ് റോഡുകളിൽ പൊലിയുന്നത്. എം.സി റോഡിൽ പറന്തൽ മുതൽ മാന്തുക വരെ അപകടം നിത്യസംഭവമാണ്. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ അടിയന്തര നടപടി ഉണ്ടെങ്കിൽ മാത്രമേ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കഴിയൂ എന്ന്​ നാട്ടുകാർ പറയുന്നു. ഫോട്ടോ വ്യാഴാഴ്ച പുലർച്ച അപകടത്തിൽപെട്ട രാജാസലീമിന്‍റെ സ്കൂട്ടറും ഓട്ടോറിക്ഷയും lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.