അനസ്, ഫിറോസ്​

മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ക്രിക്കറ്റ്​ ബാറ്റു കൊണ്ട്​ അടിച്ചുകൊന്നു

പാലക്കാട്: നഗരത്തിൽ പട്ടാപ്പകൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ക്രിക്കറ്റ്​ ബാറ്റുകൊണ്ട്​ അടിച്ചുകൊന്നു. പാലക്കാട് പുതുപ്പള്ളി തെരുവ്​ മലിക്കയിൽ അനസ്​ (31) ആണ്​ മരിച്ചത്​. സംഭവത്തിൽ നരികുത്തി സ്വദേശി ഫിറോസിനെ (39) പൊലീസ്​ അറസ്റ്റ്​ ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ്​ നരികുത്തിയിലെ വനിത ഹോസ്റ്റലിനു സമീപം അനസിന്​ മർദനമേറ്റത്. ഓട്ടോറിക്ഷ തട്ടിയുള്ള അപകടമെന്ന് അറിയിച്ച് ഫിറോസാണ് അനസിനെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ യുവാവ് മരിച്ചു.

ശരീരത്തിൽ മർദനത്തിന് സമാനമായ പാടുകൾ കണ്ടതോടെ പാലക്കാട് നോര്‍ത്ത് പൊലീസ് നടത്തിയ ​അന്വേഷണത്തിൽ അത്തരമൊരു അപകടം നടന്നിട്ടില്ലെന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് ഫിറോസിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സഹോദരനൊപ്പം ബൈക്കിലെത്തിയ ഫിറോസ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അനസിനെ അടിച്ചു വീഴ്ത്തുന്നതിന്‍റെയും തുടർന്ന് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോകുന്നതിന്‍റെയും സി.സി.ടി.വി ദൃശ്യങ്ങൾ ബുധനാഴ്ച പുറത്തുവന്നു. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് രണ്ടുതവണയാണ് അനസിനെ ഫിറോസ് അടിച്ചത്. രണ്ടാമത്തെ അടി തലക്ക്​ പിറകിലാണ് കൊണ്ടത്. ഉടൻ അനസ് താഴെ വീണു.

സമീപത്തെ കോളജ് ഹോസ്റ്റലിലെ യുവതികളോട് അനസ് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറയുകയായിരുന്നുവെന്നും ഇതിലുണ്ടായ പ്രതികാരമാണ് മർദനത്തി​ൽ കലാശിച്ചതെന്നും ഫിറോസ്​ പൊലീസിന്​ മൊഴി നൽകി. കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തലക്ക്​ അടികൊണ്ട്​ വീണ അനസിനെ ഉടൻ ആശുപത്രിയിലെത്തിച്ചെന്നും ഫിറോസിന്‍റെ മൊഴിയിലുണ്ട്​.

സംഭവസമയത്ത്​ ഫിറോസിനൊപ്പം ബൈക്കിലുണ്ടായിരുന്ന സഹോദരനും പൊലീസ്​ ഉദ്യോഗസ്ഥനുമായ റഫീഖിനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ലെന്ന്​ പൊലീസ്​ പറഞ്ഞു. സംഭവം നടന്നത് റഫീക്കിന്‍റെ അറിവോടെയല്ലെന്നാണ് പൊലീസിന്‍റെ നിഗമനം. മാനസിക വെല്ലുവിളി നേരിട്ടിരുന്നയാളാണ്​ അനസെന്ന്​ ബന്ധുക്കൾ പറഞ്ഞു. തലക്കേറ്റ ക്ഷതം മരണകാരണമായെന്നാണ് പോസ്റ്റ്​മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തല്‍. ബുധനാഴ്ച ജില്ല ആശുപത്രിയിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം ​മൃതദേഹം കള്ളിക്കാട്​ ജുമാ മസ്​ജിദ്​ ഖബർസ്ഥാനിൽ ഖബറടക്കി. അബ്ബാസ് -സൽമത്ത്​ ദമ്പതികളുടെ മകനാണ്​ മരിച്ച അനസ്​. സഹോദരൻ: ഹാരിസ്.

Tags:    
News Summary - young man beaten to death with a cricket bat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.