യുവതിയുടെ മാല കവർന്ന കേസിലെ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
ശ്രീകൃഷ്ണപുരം: ജോലി കഴിഞ്ഞുവീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതികൾ പിടിയിൽ. തൃശൂർ കൊടകര മനക്കുളങ്ങര പന്തപ്ലാവിൽ വീട്ടിൽ ബിനു എന്ന ജാക്കി ബിനു, മലപ്പുറം മൊറയൂർ ആനക്കല്ലിൽ വീട്ടിൽ സുബൈർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞമാസം നാലിനാണ് ബൈക്കിലെത്തി പ്രതികൾ മംഗലാംകുന്ന് പുളിയക്കാട്ടിൽ വീട്ടിൽ രാധികയുടെ ഒന്നേകാൽ പവൻ വരുന്ന സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞത്.
ശ്രീകൃഷ്ണപുരം സർവിസ് സഹകരണ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ലാബിലുള്ള ജോലി കഴിഞ്ഞുമടങ്ങുമ്പോഴാണ് രാത്രി ഏഴോടെ രാധികയുടെ മാല കവർന്നത്. ശ്രീകൃഷ്ണപുരം ആശുപത്രി ജങ്ഷനിൽനിന്ന് മംഗലാംകുന്നിലേക്ക് പോകുന്ന ആൾ തിരക്ക് കുറഞ്ഞ പ്രദേശമായ വ്യാസ വിദ്യാനികേതന് സമീപംവെച്ചാണ് പ്രതികൾ സ്വർണമാല തട്ടിയെടുത്തത്. പ്രതികളെ ശ്രീകൃഷ്ണപുരം പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ബൈക്കിലെത്തി മാല പൊട്ടിക്കൽ ഉൾപ്പെടെയുള്ള സമാന കേസുകളിൽ ഉൾപ്പെട്ടവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മഞ്ചേരിയിലെ ജ്വല്ലറിയിൽനിന്ന് മോഷ്ടിച്ച മാലയും കണ്ടെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. എസ്.ഐ അഷറഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ റഫീഖ്, സിവിൽ പൊലീസ് ഓഫിസർ രാകേഷ്, ഹോം ഗാർഡ് ഹരി ഗോവിന്ദൻ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.