നെന്മാറ: നെൽവയലുകൾ കുത്തിമറിച്ച് കാട്ടുപന്നികളുടെ ശല്യം വർധിച്ചു. കാവലിരിക്കാൻ സാധിക്കാതെ കർഷകരും ദുരിതത്തിൽ. അയിലൂർ പഞ്ചായത്തിലെ ഒറവഞ്ചിറ, മരുതഞ്ചേരി, പെരുമാങ്കോട്, ചെട്ടികൊളുമ്പ് തുടങ്ങിയ പാടശേഖരങ്ങളിൽ കതിരുകൾ വരാറായ നെൽപ്പാടങ്ങളിലാണ് പന്നികൾ വ്യാപക നാശം വരുത്തിയത്. നിറയെ വെള്ളമുള്ള നെൽപ്പാടങ്ങളിൽ വരെ ചെടികൾ വേരോടെ ഉഴുതുമറിച്ച നിലയിലാണുള്ളത്. പാടങ്ങളിൽ കൂട്ടത്തോടെ ഇറങ്ങിയ പന്നികൾ ചവിട്ടിയും കിടന്നുരുണ്ടും നെൽച്ചെടികൾ നശിപ്പിച്ചതിന് പുറമേ വെള്ളം കെട്ടിനിർത്തിയ വരമ്പുകളും തകർത്തു. ഇതോടെ കുഴൽ കിണറുകളിൽനിന്ന് ജലസേചനം ചെയ്ത് പാടത്ത് നിർത്തിയ വെള്ളം ഒഴുകി നശിച്ചു. ജലസേചന പൈപ്പുകൾ സ്ഥാപിച്ച ഭാഗങ്ങളും കുത്തിമറിച്ച് നശിപ്പിച്ചു.
നെൽച്ചെടികളുടെ നാശത്തിന് പുറമേ നെൽപ്പാടങ്ങളിലെ വെള്ളം സംഭരിച്ചു നിർത്താനും കഴിയാത്ത സ്ഥിതിയാണ് കർഷകർക്ക്. നെൽച്ചെടികളിൽ കതിരുകൾ നിരക്കുന്നതിന് മുമ്പേ തന്നെ ഇത്തരത്തിൽ നാശം തുടർന്നാൽ നെൽക്കതിരായാൽ ശേഷിക്കുന്നവ വിളവെടുക്കാനും കൂടി കഴിയാത്ത സ്ഥിതി ഉണ്ടാകുമെന്ന് പ്രദേശത്തെ കർഷകർ പറയുന്നു. കാട്ടുപന്നി നിർമാർജനം ഫലപ്രദമാകാത്തതും വെടിവെച്ചു കൊല്ലാൻ ഷൂട്ടർമാരെ കിട്ടാത്തതും ഷൂട്ടർമാർക്ക് പഞ്ചായത്തും സർക്കാറും പ്രതിഫലം നൽകാത്തതും കാട്ടുപന്നികൾ പെരുകാൻ കാരണമാകുന്നു. കാട്ടുപന്നി ആക്രമണ ഭീതി മൂലം നെൽപ്പാടങ്ങളിൽ കാവലിരിക്കാനും കർഷകർ ഭയക്കുകയാണ്. നിരവധി കർഷകർക്ക് പന്നികളുടെ ആക്രമണത്താൽ പരിക്കുണ്ടായതിനാൽ കാവലിരിക്കാൻ ആരും തയാറാകുന്നില്ല. ഒന്നാം വിളയിൽ കനത്ത നാശത്തിനുശേഷം ഏറെ പ്രതീക്ഷയിലായിരുന്നു രണ്ടാം വിള. പന്നിശല്യം മൂലം ഇതും നഷ്ടത്തിലാകുമെന്ന ഭീതിയിലാണ് അയിലൂരിലെ കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.