കാട്ടാനകൾ വീണ്ടും ജനവാസ മേഖലയിൽ
കൊല്ലങ്കോട്: മാത്തൂർ, ചീളക്കാട്, സീതാർകുണ്ട് പ്രദേശങ്ങളിൽ വീണ്ടും കാട്ടാനക്കൂട്ടം. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കാട്ടാനക്കൂട്ടം നിരന്തരമായി കൃഷിനാശം വരുത്തുകയാണ്. വനപാലകർ, ആർ.ആർ.ടി സംഘം എന്നിവ ആനകളെ വിരട്ടി വനത്തിനകത്തേക്ക് കടത്തിവിടാറുണ്ടെങ്കിലും വീണ്ടും ആനകൾ ആഴ്ചകൾക്കകം തന്നെ ജനവാസ മേഖലയിലെത്തി കൃഷി നശിപ്പിക്കൽ തുടരും.
കാട്ടാന ശല്യം വ്യാപകമായപ്പോൾ ത്രിതല പഞ്ചായത്ത് ലക്ഷങ്ങൾ വകയിരുത്തിയാണ് തൂക്കു വൈദ്യുത വേലി സ്ഥാപിച്ചത്. എന്നാൽ, ഇതും തകർത്താണ് കാട്ടാനകൾ ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും എത്തി നാശനഷ്ടമുണ്ടാക്കുന്നത്. ആറ് വർഷമായി കാട്ടാനകളുടെ എണ്ണം നാൽപ്പതിലെത്തിയിട്ടുണ്ടെന്ന് കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട പഞ്ചായത്തുകളിൽ വസിക്കുന്ന വനാതിർത്തിയിലെ കർഷകർ പറയുന്നു. ചെമ്മണാമ്പതി മുതൽ എലവഞ്ചേരി വരെയുള്ള തെന്മലയോര പ്രദേശങ്ങളിലാണ് ഇത്രയും കാട്ടാനകൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നത്. വനാതിർത്തിയിൽനിന്ന് നാല് കിലോമീറ്ററേളം കടന്നാണ് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടങ്ങൾ എത്തുന്നത്. ഒരു പ്രദേശത്ത് നിന്ന് കാട്ടാനകളെ വനം വകുപ്പ് വനത്തിനകത്തേക്ക് കടത്തിവിട്ട് കഴിഞ്ഞാൽ രണ്ട് മൂന്ന് ആഴ്ചകൾക്കകം മറ്റൊരു പ്രദേശത്താണ് തമ്പടിക്കുക.
പറമ്പിക്കുളത്തെ തേക്കടി മേഖലയിൽ നിന്നും ഇറങ്ങുന്ന ആനകൾ തിരിച്ച് പറമ്പിക്കുളത്തേക്ക് പോകാത്തത് പ്രദേശത്തെ നാട്ടുകാർക്ക് ദുരിതമായി. അതിർത്തി വിട്ട് നാട്ടിലേക്ക് കൂട്ടത്തോടെ ഇറങ്ങുന്നതാണ് ജനജീവിതത്തെ ഭീതിയിലാക്കുന്നത്. തൂക്കുക വൈദ്യുത വേലിക്ക് പുറമേ കിടങ്ങുകൾ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. കൂടാതെ തൂക്കുക വൈദ്യുത വേലിയുടെ ഇരുവശങ്ങളിലും 15 മീറ്റർ ഇടവേളകളിൽ വൃക്ഷങ്ങളെല്ലാം മുറിച്ചുമാറ്റണം.
രണ്ടു വർഷം മുമ്പ് ഇരുപതിലധികം കാട്ടാനകൾ തെന്മലയോര പ്രദേശങ്ങളിലേക്ക് എത്തിയപ്പോൾ നടത്തിയ ഓപറേഷന് സമാന രീതിയിൽ ആനകളെ ചെമ്മണാമ്പതി വഴി പറമ്പിക്കുളത്തേക്ക് എത്തിക്കണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം. കഴിഞ്ഞ ദിവസം മാത്തൂർ മേഖലയിൽ കണ്ടെത്തിയ കാട്ടാനക്കൂട്ടത്തെ വനം അധികൃതർ, ആർ.ആർ.ടി നേതൃത്വത്തിൽ കാട് കയറ്റി വിട്ടു. കൊല്ലങ്കോട് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഉല്ലാസ്, ബിൻസി മോർ, മായ എന്നിവരും വാച്ചർമാരും എലിഫന്റ് ഡ്രൈവില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.