എപ്പോഴുണ്ടാവും സപ്ലൈകോ നെല്ലുസംഭരണം ?

പാലക്കാട്: കാർഷിക വൃത്തിക്കായി ജീവിതം സ്വയം സമർപ്പിച്ച ജില്ലയിലെ നെൽകർഷകർ ഈ സീസണിലും നേരിടുന്നത് കടുത്ത വെല്ലുവിളികൾ. സർക്കാറി​​െൻറ നെല്ലുസംഭരണ ഏജൻസിയാണ് സപ്ലൈകോ. ജില്ലയിലെ കൊയ്ത്തു ആരംഭിക്കുന്നതിനുമുമ്പേ സംഭരണത്തി​െൻറ മുന്നൊരുക്കം നടത്തുന്നതിൽ സപ്ലൈകോവിന് ഈ പ്രാവശ്യവും വീഴ്ച സംഭവിച്ചു. മില്ലുടമകളും സപ്ലൈകോയും തമ്മിലുള്ള പ്രശ്നം ഇനിയും ഒത്തുതീർന്നിട്ടില്ല. സെപ്​റ്റംബർ അവസാനവാരത്തോടെ സംഭരണം തുടങ്ങുമെന്നാണ് സപ്ലൈകോ ആദ്യം പറഞ്ഞത്. മില്ലുടമകളുമായി ധാരണയിൽ എത്താൻ ഇതുവരെയും കഴിയാത്തതിനാൽ ഒക്ടോബർ ഒന്നുമുതൽ സംഭരണത്തിന് സാധ്യതയില്ല.

സംസ്ഥാനത്ത് വിളയുന്ന നെല്ലി​െൻറ 40 ശതമാനവും ജില്ലയിൽനിന്നാണ്. കഴിഞ്ഞ സീസണിൽ സപ്ലൈകോ സംഭരിച്ച നെല്ലി​െൻറ 46 ശതമാനവും ജില്ലയിൽനിന്നാണ്. 32,000 ഹെക്ടറിലാണ് ഈ പ്രാവശ്യം ഒന്നാം വിള ഇറക്കിയത്. ഇതുവരെ 2500 ഹെക്ടറിൽ വിളവെടുപ്പ് പൂർത്തിയായി. എന്നിട്ടും സംഭരണം ആരംഭിച്ചിട്ടില്ല. ഓരോ സീസണിലും 1000 ഓളം യന്ത്രങ്ങളാണ് അതിർത്തി കടന്ന് എത്തുന്നത്. എന്നാൽ, കോവിഡ് 19 വ്യാപന സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് ജില്ലയിലേക്ക് കൊ‍യ്​ത്തുയന്ത്രം എത്തുന്നത്. 150 താഴെ യന്ത്രങ്ങൾ മാത്രമാണ് എത്തിയിട്ടുള്ളത്.

താളം തെറ്റി പെയ്യുന്ന മഴയിൽ എങ്ങനെ വിള നശിക്കാതെ കൊയ്തെടുക്കുമെന്ന ആശങ്കയുണ്ട് കർഷകർക്ക്. കൊയ്തടുത്ത നെല്ല് കയറ്റിപ്പോകുന്നതിലും ഏറെ പ്രതിസന്ധികളാണ​ുള്ളത്. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം സപ്ലൈകോയിലെ ചില ജീവനക്കാർ മില്ലുടമകളുടെ താൽപര്യത്തിനാണ് മൂൻതൂക്കം നൽകുന്നതെന്നും ആക്ഷേപമുണ്ട്. മാത്രമല്ല, ഈ മേഖലയിലെ ജീവനക്കാർ പകുതിയും മറ്റു വകുപ്പികളിൽനിന്ന്​ ഡെപ്യൂട്ടേഷനിൽ വന്നവരാണ്. ഓരോ സീസണിലും നെല്ലുസംഭരണ സമയത്ത് സർക്കാറുമായി വിലപേശി മില്ലുടമകളാണ് ലാഭം കൊയ്യുന്നതെന്ന് കർഷകർക്ക് ആക്ഷേപമുണ്ട്.    

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.