ദേശീയപാത കണ്ണനൂരിൽ പ്രവർത്തനരഹിതമായ ട്രാഫിക് സിഗ്നൽ, ഒപ്പം വലതുവശം ചേർന്ന് വരുന്ന ട്രക്കും
പാലക്കാട്: വടക്കഞ്ചേരി-വാളയാർ ദേശീയപാതയിൽ ഗതാഗത നിയമലംഘനങ്ങൾ വർധിക്കുന്നു. വാളയാർ മുതൽ വടക്കഞ്ചേരി വരെ 55 കിലോമീറ്ററിൽ മാത്രം സ്ഥിരം അപകടമേഖലകൾ 30 എണ്ണമാണ്.ഭാരവാഹനങ്ങൾ സ്പീഡ് ട്രാക്കിലൂടെ സഞ്ചരിക്കുമ്പോൾ മറ്റു വാഹനങ്ങൾ മറികടക്കാൻ ശ്രമിക്കുന്നത് അപകടകാരണമാകുന്നതായും ദേശീയപാത കരാർ കമ്പനിയായ വാളയാർ-വടക്കഞ്ചേരി എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഭൂരിഭാഗം അപകടത്തിനും കാരണം ലൈൻ ട്രാഫിക് ലംഘനമാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
ഇതിനെ തുടർന്ന് ചരക്കുലോറികൾ, മറ്റു ഭാരവാഹനങ്ങൾ, ട്രക്കുകൾ തുടങ്ങിയവ ഇടതുവശത്തിലൂടെ മാത്രമെ യാത്ര ചെയ്യാൻ പാടുള്ളൂവെന്നും നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയെങ്കിലും വടക്കഞ്ചേരി-വാളയാർ നാലുവരി ദേശീയപാതയിൽ ഇത് പാലിക്കാറില്ല. പല ജങ്ഷനുകളിലെയും സിഗ്നലുകൾ ശരിയായി പ്രവർത്തിക്കുന്നില്ല.
നിരവധി അപകടങ്ങൾ നടന്ന പുതുശ്ശേരി, കാഴ്ചപറമ്പ്, കണ്ണനൂർ എന്നിവടങ്ങളിൽ സിഗ്നൽ മറികടക്കാൻ വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും വലത്തോട്ട് പ്രവേശിച്ച് നിയമം തെറ്റിക്കുന്നതും പതിവാണ്.നേരത്തെ കാഴ്ചപറമ്പിൽ പകൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. അപകടം നടന്ന ശേഷം ഏതാനും ദിവസം ജാഗ്രത കാണിക്കുന്ന അധികൃതർ പിന്നീട് നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.