കോട്ടായി: ഭാരതപ്പുഴയിൽ മുട്ടിക്കടവിൽ കുളിക്കാനിറങ്ങിയ മാത്തൂർ സ്വദേശികളായ രണ്ടുപേർ ഒഴുക്കിൽപെട്ടു. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു. മാത്തൂർ ചുങ്കന്ദം തണ്ണീരങ്കാട് പവിത്രൻ-ലത ദമ്പതികളുടെ മകൻ അഭിജിത് (18), മാത്തൂർ തണ്ണിക്കോട് വാടക വീട്ടിൽ താമസിക്കുന്ന സവിതയുടെ മകൻ സുഗുണേശ്വരൻ (17) എന്നിവരാണ് കുളിക്കാനിറങ്ങിയത്. അഭിജിതിനെ രക്ഷപ്പെടുത്തി ജില്ല ആശുപതിയിലെത്തിച്ചു. സുഗുണേശ്വരനായി തിരച്ചിൽ തുടരുന്നു.
ഞായറാഴ്ച 12.30നാണ് ഇരുവരും കുളിക്കാനിറങ്ങിയത്. ആദ്യം ഒഴുക്കിൽപെട്ട സുഗുണേശ്വരനെ രക്ഷപ്പെടുത്താനായി അഭിജിത് ശ്രമിച്ചതും അഭിജിതും ഒഴുക്കിൽപെട്ടു. അഭിജിതിന്റെ നിലവിളി കേട്ട് പരിസരത്ത് പശുവിനെ മേക്കുന്നയാൾ ഓടിയെത്തി സാഹസികമായി അഭിജിതിനെ രക്ഷപ്പെടുത്തി. സുഗുണേശ്വരനായി തിരച്ചിൽ തുടരുന്നു. ആലത്തൂരിൽനിന്ന് അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ദരും എത്തിയിട്ടുണ്ട്. തേങ്കുറുശ്ശി സ്വദേശിയായ സവിതയുടെ മകനാണ് സുഗുണേശ്വരൻ. ഇവർ അടുത്ത കാലത്തായി മാത്തൂർ തണ്ണിക്കോട് വാടകക്ക് താമസിച്ചുവരികയാണ്. സവിത തൃശൂർ കോട്ടപ്പുറത്ത് വീട്ടുജോലിക്കായി പോയിരിക്കുകയായിരുന്നു. സവിതയുടെ ഭർത്താവ് തമിഴ്നാട്ടിലെ സേലത്താണ്. സുഗുണേശ്വരൻ തനിച്ചാണ് മാത്തൂർ തണ്ണിക്കോട് വാടക വീട്ടിൽ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.