പലചരക്ക് കടക്കും വീടിനും ഭീഷണിയായ മരം വെട്ടിമാറ്റിയപ്പോൾ
മങ്കര: മങ്കര കാളികാവ് റോഡിൽ വീടിനും കടക്കും ഭീഷണി ഉയർത്തിയിരുന്ന പടുകൂറ്റൻ മരം വെട്ടിമാറ്റി. കഴിഞ്ഞ ദിവസം മാധ്യമം വാർത്ത നൽകിയതിനെ തുടർന്നാണ് നടപടി ഉണ്ടായത്. മങ്കരതാവളത്ത് വയോധികരായ ടി.എച്ച്. ബാവയും ഭാര്യയും താമസിക്കുന്ന വീടിനും കടക്കും മുന്നിലായിരുന്നു വീഴാറായ മരം ഉണ്ടായിരുന്നത്.
ഒരു വർഷം മുൻപ് ഇക്കാര്യം ചൂണ്ടികാട്ടി ജില്ല കലക്ടർ, പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് എന്നിവർക്ക് പരാതി നൽകിയെങ്കിലും മരക്കൊമ്പ് വെട്ടിമാറ്റാമെന്ന രേഖാമൂലമുള്ള മറുപടിയാണ് ലഭിച്ചത്. മരത്തിന്റെ വേര് മൂലം വീടിന്റെയും മുന്നിലെ കടയുടെയും ചുമരും വിണ്ടുകീറിയതോടെ കുടുംബം ഒരു വർഷമായി ഭീതിയിലായിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് മാധ്യമം ഇവരുടെ ദുരിത കഥ ഫോട്ടൊ സഹിതം വാർത്തയാക്കിയത്. വാർത്ത വന്ന് ഒരാഴ്ചക്കുള്ളിൽ പൊതുമരാമത്ത് വകുപ്പ് ഉത്തരവോടെ മരം വെട്ടിമാറ്റി. പൊതു പ്രവർത്തകൻ ശംസുദ്ദീൻ മാങ്കുറുശിയും ഇവർക്ക് പിന്തുണയുമായെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.