പാലക്കയത്ത് പുലിയെ തേടി പരിശോധനക്കെത്തിയ വനപാലക സംഘം
തച്ചമ്പാറ: പാലക്കയം വനാതിർത്തി പ്രദേശങ്ങളിലും തോട്ടങ്ങളിലും വനപാലകർ പുലിക്കായി തിരച്ചിൽ നടത്തി. ഇഞ്ചിക്കുന്ന് ജോസഫിന്റെ ആടിനെ പുലി പിടിച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ കണ്ടംപൊട്ടി, വട്ടപ്പാറ, പായപ്പുല്ല്, ഇരുമ്പക ചോല ഭാഗങ്ങളിലായിരുന്നു പരിശോധന. ഇവിടങ്ങളിൽ വന്യജീവി സാന്നിധ്യം കണ്ടിലെങ്കിലും ഇരുമ്പക ചോല ഭാഗത്ത് പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തി.
മണ്ണാർക്കാട് റേഞ്ചിലെ പാലക്കയം, മണ്ണാർക്കാട്, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനുകളിലെയും മണ്ണാർക്കാട് ആർ.ആർ.ടിയിലെയും വനപാലകർ 15 പേരടങ്ങുന്ന മൂന്ന് ടീമുകളായാണ് പരിശോധന നടത്തിയത്.
കെ. ശാന്തകുമാരി എം.എൽ.എ, തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കുര്യൻ, മുൻ പ്രസിഡന്റ് ഒ. നാരായണൻകുട്ടി, പഞ്ചായത്ത് അംഗങ്ങളായ തനുജ, കൃഷ്ണൻകുട്ടി എന്നിവരും സ്ഥലത്തെത്തി. സ്ഥലവാസികളോടും വനപാലകരോടും സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ. സുബൈർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ കെ. മനോജ്, എൻ. പുരുഷോത്തമൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ പി. സുബിൻ, എം. കിത്തലൻ, ജെയ്സൻ, ഫിറോസ് ബാബു എന്നിവർ പരിശോധകൾക്ക് നേതൃത്വം നൽകി. തുടർന്ന് ജനപ്രതിനിധികളുമായും സ്ഥലവാസികളുമായി നടത്തിയ ചർച്ചയിൽ ഇഞ്ചിക്കുന്ന് ഭാഗത്ത് സോളാർ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനും പ്രദേശത്ത് പട്രോളിങ്ങും വന്യജീവി നിരീക്ഷണവും നടത്താനും തീരുമാനിച്ചു. പുലിയുടെ ആക്രമണത്തിൽ ആട് നഷ്ടപെട്ട ഉടമക്ക് അർഹമായ നഷ്ടപരിഹാരം നൽകും. പുലിയുടെ കാൽപ്പാടുകൾ കണ്ട ഇരുമ്പക ചോല ഭാഗത്തും തുടർച്ചയായി വന്യജീവി നിരീക്ഷണവും രാത്രി കാലപരിശോധനയും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.