മുണ്ടൂരിൽ മോഷണം
മുണ്ടൂർ: നഗരപ്രദേശങ്ങളിലും ഗ്രാമീണ മേഖലയിലും മോഷണം തുടർക്കഥയാവുന്നു. രണ്ട് മാസത്തിനുള്ളിൽ മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനപരിധിയിലാണ് ഒരു ഡസനിൽപരം മോഷണം നടന്നത്. മിക്കയിടങ്ങളിലും ആറായിരം മുതൽ 10,000 രൂപ വരെ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് നഷ്ടപ്പെട്ടു. ഉൾനാടൻ ഗ്രാമങ്ങളിൽനിന്ന് റബർ ഷീറ്റ്, ചാക്കിൽ നിറച്ച അടക്ക, തേങ്ങ എന്നിവയാണ് കളവ് പോകുന്നത്.
കല്ലടിക്കോട്, കോങ്ങാട് പൊലീസ് സ്റ്റേഷൻ പരിധികളിലാണിത്. ഉടമകൾ പൊലീസിൽ പരാതി നൽകിയവയും അല്ലാത്തവയും ഇതിലുണ്ട്. കോങ്ങാട് പൊലീസ് സ്റ്റേഷന്റെ ഒന്നര കിലോമീറ്റർ പരിധിയിൽ പട്ടാപ്പകൽ എട്ട് പവൻ സ്വർണാഭരണം കവർന്ന പ്രതിയെ പിടികൂടിയെങ്കിലും തൊണ്ടിമുതൽ കണ്ടെത്തിയിരുന്നില്ല.
കഴിഞ്ഞ ദിവസം മുണ്ടൂർ പൊരിയാനിയിലെ മൂന്ന് കടകളിലും കള്ളൻ കയറി. ദേശീയപാതയോരത്തെ സ്ഥാപനങ്ങളിലായിരുന്നു സംഭവം. പൊരിയാനിയിലെ ചിങ്ങത്ത് പ്രബിന്റെ പുക പരിശോധന കേന്ദ്രത്തിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് 10,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചത്. പൊരിയാനി ഓമന വിഹാറിൽ ബൈജുവിന്റെ പലചരക്ക് കടയിലും കള്ളൻ കയറി.
കാര്യമായതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്ഥലം സന്ദർശിച്ച കോങ്ങാട് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പൊലീസിന്റെ രാത്രികാല പരിശോധന ഊർജിതമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.