പാലക്കാട്: ജില്ലയിലെ സ്പിരിറ്റ്-വ്യാജമദ്യ കേസുകളിൽ നിയമ നടപടികളെടുക്കുന്ന കാര്യത്തിൽ എക്സൈസിന് മെല്ലെപ്പോക്ക്. അണക്കപ്പാറ കേസിനൊപ്പം 2019 മേയിൽ തൃത്താലയിൽ 1000 ലിറ്റർ സ്പിരിറ്റും 1500 ലിറ്റർ വ്യാജമദ്യവും പിടിച്ച കേസ് മാത്രമാണ് എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇതൊഴിച്ചാൽ കഴിഞ്ഞ നാല് വർഷത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം പാതിവഴിയിലാണ്.
സ്പിരിറ്റ് മാഫിയയുമായുളള അവിശുദ്ധ കൂട്ടുകെട്ട് കാരണമാണ് തുടർനടപടികൾ പാതിവഴിയിൽ നിൽക്കുന്നതെന്ന് ആരോപണമുണ്ട്. 2020 മേയ്് നാലിന് പെരുമ്പാവൂരിൽ നിന്ന് സ്പിരിറ്റ് ലോഡുമായി വന്ന പിക്ക്അപ് വാനിൽ സ്പിരിറ്റുണ്ടെന്ന വിവരത്തെ തുടർന്ന് ചാലക്കുടി മുതൽ വടക്കഞ്ചേരിവരെ എക്സൈസ് സംഘം പിന്തുടർന്നിരുന്നു. എന്നാൽ, വടക്കഞ്ചേരിയിൽ വെച്ച് വാൻ അപ്രത്യക്ഷമായി. പിന്നീട് രണ്ട് ദിവസത്തിനകം ചിറ്റൂരിലെ എക്സൈസ് സംഘത്തിന് വഴിയരികിൽനിന്ന് ചാലക്കുടി സംഘം പിന്തുടർന്ന പിക്ക്അപ് വാൻ കിട്ടി. എന്നാല്‍ അതിൽ തവിട് മാത്രമെന്നായിരുന്നു വിശദീകരണം.
അതേസമയം, അന്നുതന്നെ സ്പിരിറ്റെത്തിച്ച വണ്ടി ഒളിപ്പിച്ച ശേഷം, രൂപസാദൃശ്യമുളള മറ്റൊരു വണ്ടി സ്പരിറ്റ് ലോബി എക്സൈസ് ഉദ്യോഗസ്ഥരുടെ അറിവോടെ വഴിയരികിൽ ഇെട്ടന്നാണ് ചില ഉദ്യോഗസ്ഥർ പറയുന്നത്. സ്പിരിറ്റും മദ്യവും കടത്തിയ യഥാർഥ വണ്ടിയും ആളെയും പിന്നീട് തമിഴ്നാട്ടിലെ ആനമല പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പിടികൂടിയിട്ടും എക്സൈസ് സംഘം ഇതന്വേഷിച്ചില്ല.
ഈ സ്പിരിറ്റ് കേസ് തേച്ചുമാച്ചു ഇല്ലാതാക്കിയതായി പറയപ്പെടുന്നു. കഴിഞ്ഞ നാലുവർഷത്തിനിടെ ആയിരം ലിറ്ററിലേറെ സ്പിരിറ്റ് പിടികൂടിയ എട്ട് കേസുകളുണ്ട്. ഒന്നുപോലും വിചാരണഘട്ടത്തിലേക്ക് കടന്നിട്ടില്ല. പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി വീണ്ടും കടത്തിൽ സജീവമെന്നാണ് വിവരം. മധ്യകേരളം കേന്ദ്രീകരിച്ച സ്പിരിറ്റ് ലോബിയാണ് അതിർത്തി മേഖലയിലെ സ്പിരിറ്റ് വ്യാപാരം നിയന്ത്രിക്കുന്നതെന്ന് നേരത്തെ സ്പിരിറ്റ് കേസിൽ അകപ്പെട്ട ആളുകൾ പറയുന്നു. സ്പിരിറ്റിെൻറ വരവും പോക്കുമെല്ലാം കൃത്യമായി അറിഞ്ഞിട്ടും ലോബിയുടെ സമ്മർദവും സ്വാധീനവും കൊണ്ടാണ് നടപടികൾ വൈകുന്നതെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.