പാലക്കാട്: തെരുവുനായ് ആക്രമണങ്ങൾ വർധിക്കുമ്പോഴും നഗരസഭ പരിധിയിൽ എ.ബി.സി പദ്ധതി ഫലപ്രദമാകുന്നില്ല. 2023-24 സാമ്പത്തിക വർഷത്തിൽ 325 തെരുവു നായ്ക്കളെയാണ് നഗരസഭ പരിധിയിൽ എ.ബി.സി പദ്ധതിയിലൂടെ വന്ധ്യംകരിച്ചത്. എന്നാലിത് 2024-25 സാമ്പത്തികവർഷം 187 ആയി കുറഞ്ഞതായി പദ്ധതി നിർവഹണോദ്യോഗസ്ഥനായ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പറയുന്നു.
പ്രായോഗികവും സാങ്കേതികവുമായ കാരണങ്ങൾ പറഞ്ഞ് നഗരസഭയിൽ എ.ബി.സി പദ്ധതി നടപ്പാക്കുന്നില്ലെന്നാണ് ആരോപണം. പകരം വാർഷിക വികസന പദ്ധതിയിൽനിന്ന് വിഹിതമായി നിശ്ചിത തുക ജില്ല പഞ്ചായത്തിന് കൈമാറി ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറുകയാണെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു. ഇത്തരത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 10 ലക്ഷം രൂപയാണ് നഗരസഭ ജില്ല പഞ്ചായത്തിന് നൽകിയത്.
തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനായി ജില്ല പഞ്ചായത്തുമായി ചേർന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ നിർവഹണം നടത്തുന്ന പദ്ധതിയാണ് എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ). നഗരസഭ നൽകിയ വിവരാവകാശ രേഖകൾ പ്രകാരം കഴിഞ്ഞവർഷങ്ങളിൽ 48 വളർത്തുനായ്ക്കൾക്കാണ് പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്ത് ലൈസൻസ് നൽകിയത്. 163 തെരുവുനായ്ക്കൾക്ക് മൃഗസംരക്ഷണ വകുപ്പ് മുഖേനയും കുത്തിവെപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ നഗരസഭ പരിധിയിൽ മാലിന്യം തള്ളുന്ന അഞ്ഞൂറോളം സ്ഥലങ്ങളുണ്ടെന്നും ഇവ തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിന് കാരണമാകുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം കല്ലേപ്പുള്ളി ഭാഗത്ത് കത്ത് നൽകാൻ പോയ പോസ്റ്റുവുമണിനെ തെരുവുനായ് ആക്രമിച്ചിരുന്നു. രാത്രികാലങ്ങളിൽ തെരുവുനായക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണങ്ങളുണ്ടാവാറുണ്ടെനും ആക്ഷേപമുണ്ട്.
കഴിഞ്ഞദിവസം പേവിഷബാധയേറ്റ് മലപ്പുറത്ത് ഒരു പെൺകുട്ടി മരിച്ചിരുന്നു. ശനിയാഴ്ച കൊല്ലത്ത് ഏഴുവയസ്സുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പ്രതിരോധ കുത്തിവെപ്പെടുത്തിട്ടും പേവിഷബാധയേൽക്കുന്ന ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോഴാണ് നഗരത്തിൽ എ.ബി.സി പദ്ധതിയിൽ കാര്യക്ഷമമായ നടപടിയില്ലാത്തതെന്നാണ് ആക്ഷേപം.
സംസ്ഥാനത്ത് ഈ വർഷം ഇതുവരെ പേവിഷബാധയേറ്റ് 13 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിലവിലെ സാഹചര്യം നിയന്ത്രിക്കാൻ മുനിസിപ്പൽ ആക്ട് 437, 438 പ്രകാരമുള്ള നടപടികൾ നഗരസഭ സെക്രട്ടറി ശക്തിപ്പെടുത്തണമെന്നും വാർഡുകൾ കേന്ദ്രീകരിച്ച് തെരുവുനായ് പരിപാലന കേന്ദ്രങ്ങൾ ആരംഭിച്ച് എ.ബി.സി പദ്ധതി ഫലപ്രദമായി നടപ്പാക്കണമെന്നും ആം ആദ്മി പാർട്ടി ജില്ല പ്രസിഡന്റ് ടി. വേണുഗോപാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.