സോളിഡാരിറ്റി യൂത്ത് കാരവന് പട്ടാമ്പിയിൽ നൽകിയ സ്വീകരണം
പാലക്കാട്: വർധിച്ചുവരുന്ന സംഘ്പരിവാർ വംശഹത്യ ശ്രമങ്ങളും കലാപാഹ്വാനങ്ങളും സർക്കാർ തടയണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു. കേരളത്തിലെ സാമുദായിക സഹവർത്തിത്വം തകർക്കാൻ വിദ്വേഷപ്രചാരണങ്ങളും അക്രമങ്ങളും സംഘ്പരിവാർ തുടരുകയാണ്. പി.സി. ജോർജ് പോലുള്ളവരുടെ നുണപ്രചാരണങ്ങളും പേരാമ്പ്രയിലെപോലുള്ള അക്രമങ്ങളും അതിെൻറ അവസാന ഉദാഹരണങ്ങളാണ്. നിയമപാലനത്തിലും പൊലീസ് നടപടികളിലും തുടരുന്ന അനാസ്ഥ സർക്കാർ പരിഹരിക്കണം. പാലക്കാട് നിയമപാലനവുമായി ബന്ധപ്പെട്ട് പല പരാതികളും ഉയർന്നിട്ടുണ്ട്.
മുസ്ലിംകളോടുള്ള വ്യക്തമായ മുൻവിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം നടപടികൾ ഉണ്ടാകുന്നതെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. മുസ്ലിംവിരുദ്ധതയുടെ അടിസ്ഥാനമായ ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ പൊതുജനാഭിപ്രായവും ജനപിന്തുണയും നേടിയെടുക്കുകയാണ് സോളിഡാരിറ്റി സംഘടിപ്പിച്ച യൂത്ത് കാരവെൻറ ലക്ഷ്യം. സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, വൈസ് പ്രസിഡന്റ് സി.ടി. സുഹൈബ്, ജനറൽ സെക്രട്ടറി പി.പി. ജുമൈൽ, ജില്ല പ്രസിഡന്റ് ടി.പി. സാലിഹ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ആവേശമായി സോളിഡാരിറ്റി യൂത്ത് കാരവൻ
പാലക്കാട്: 'ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' പ്രമേയത്തിലെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് യൂത്ത് കാരവൻ ജില്ലയിൽ പര്യടനം പൂർത്തിയാക്കി. പട്ടാമ്പിയിലെ സ്വീകരണ പൊതുസമ്മേളനം സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗം ഡോ. ആർ. യൂസുഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ല പ്രസിഡന്റ് ടി.പി. സാലിഹ് അധ്യക്ഷത വഹിച്ചു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ബഷീർ ഹസൻ നദ്വി, എസ്.ഐ.ഒ ജില്ല പ്രസിഡന്റ് മുഹമ്മദ് മുഹ്സിൻ തൃത്താല എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി സഫീർ ആലത്തൂർ സ്വാഗതം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് ഷാക്കിർ അഹ്മദ് സമാപന ഭാഷണം നടത്തി. സ്വീകരണ റാലിക്ക് ജില്ല നേതാക്കളായ ലുഖ്മാൻ എടത്തനാട്ടുകര, നൂറുൽ ഹസൻ, നൗഷാദ് ആലവി, നവാസ് പത്തിരിപ്പാല, മുജീബ് വടക്കഞ്ചേരി, ഫാസിൽ ആലത്തൂർ, വി.എം. സാദിഖ്, എം.ടി. ഹാരിസ്, റഷീദ് ഞാങ്ങാട്ടിരി എന്നിവർ നേതൃത്വം നൽകി.
1992ലെ പൊലീസ് വെടിവെപ്പിൽ രക്തസാക്ഷിയായ പാലക്കാട് പുതുപ്പള്ളിത്തെരുവിലെ സിറാജുന്നിസയുടെ കുടുംബത്തെ തിങ്കളാഴ്ച രാവിലെ നഹാസ് മാളയും സംഘവും സന്ദർശിച്ചു. സോളിഡാരിറ്റി കലാകാരന്മാർ അവതരിപ്പിച്ച തെരുവുനാടകം മണ്ണാർക്കാട്, പാലക്കാട്, പത്തിരിപ്പാല, ചെർപ്പുളശ്ശേരി, പട്ടാമ്പി നഗരങ്ങളിൽ അരങ്ങേറി.
കഴിഞ്ഞ അഞ്ചിന് കാസർക്കോടുനിന്ന് ആരംഭിച്ച യൂത്ത് കാരവൻ 14 ജില്ലയിലൂടെയും കടന്നുപോയി ഈ മാസം 12ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ മാസം 21, 22 ദിവസങ്ങളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായികൂടിയാണ് കാരവൻ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.