പാലക്കാട് സ്റ്റേഡിയം ബൈപാസിലെ വാലിപ്പറമ്പ് ജങ്ഷൻ
പാലക്കാട്: നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോവുന്ന വാലിപ്പറമ്പ് ജങ്ഷനിൽ സിഗ്നൽ സംവിധാനം പ്രവർത്തനസജ്ജമാകാത്തത് കവലയിൽ അപകടങ്ങൾക്ക് കാരണമാകുന്നു.
സ്റ്റേഡിയം-ഐ.എം.എ ബൈപാസിലെ പ്രധാന കവലയാണ് വാലിപ്പറമ്പ്. വർഷങ്ങൾക്കുമുമ്പ് സ്കൂട്ടർ യാത്രക്കാരി ബസിടിച്ച് മരിച്ചത് ഇവിടെയാണ്. കുന്നത്തുർമേട്, പാളയപ്പേട്ട, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, കോട്ടമൈതാനം റോഡുകളുടെ സംഗമകേന്ദ്രമാണ് ഈ ജങ്ഷൻ. സിഗ്നൽ സംവിധാനം പതിറ്റാണ്ടുകൾക്കുമുമ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാപ്പകൽ ഭേദമില്ലാതെ ഇത് യാത്രക്കാർക്ക് മുന്നിൽ നോക്കുകുത്തിയാവുകയാണ്.
കോട്ടമൈതാനം ഭാഗത്തുനിന്നും സ്റ്റേഡിയം സ്റ്റാൻഡിൽനിന്നും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലാണ് സദാസമയവും. കുന്നത്തൂർമേട്, പാളയപ്പേട്ട ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ ഒന്നു കണ്ണുതെറ്റിയാൽ അപകടത്തിൽപെടും. രാവിലെയും വൈകീട്ടും സെന്റ് സെബാസ്റ്റ്യൻ, ഹരിക്കാരത്തെരുവ് എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ നിറയും.
ഈ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് കൽമണ്ഡപം, മാങ്കാവ്, കുന്നത്തൂർമേട് എന്നിവിടങ്ങളിലേക്ക് പോകേണ്ടതും ഇതുവഴിയാണ്. കുന്നത്തൂർമേട്, പാളയപ്പേട്ട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് റോഡുമുറിച്ചു കടക്കണമെങ്കിൽ അൽപസമയം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്.
ഇതിനു പുറമെ സമീപത്തെ എക്സ്ബിഷൻ, ഇതര മേളകൾ എന്നിവ നടക്കുമ്പോൾ വാഹനത്തിരക്കും അനധികൃത പാർക്കിങ്ങുമേറെയാണ്. സിഗ്നൽ കൃത്യമായി പ്രവർത്തിക്കുകയാണെങ്കിൽ പോക്കറ്റ് റോഡുകളിൽ നിന്നുള്ള വാഹനങ്ങൾക്ക് അപകടമില്ലാതെ മറുപുറമെത്താനാകും. കാൽനടക്കാർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.