പാലക്കാട്: വിദ്യാർഥികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തിൽ നഗരത്തിലെ സ്വകാര്യ സ്കൂളിലെ കായികാധ്യാപകനെതിരെ കൂടുതൽ വിദ്യാർഥികൾ പരാതികളുമായി രംഗത്ത്. കായികാധ്യാപകനായ വടക്കഞ്ചേരി സ്വദേശിയായ 28കാരൻ, ലൈംഗികമായി ഉപദ്രവിച്ചെന്ന് മാസങ്ങൾക്ക് മുമ്പ് 11 വയസ്സുകാരി സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നു.
തുടർന്ന് അധ്യാപകനെ സ്കൂളിൽ നിന്ന് പുറത്താക്കിയെങ്കിലും ചൈൽഡ് വെൽഫയർ കമ്മിറ്റി, പൊലീസ് എന്നിവർക്ക് സ്കൂൾ അധികൃതർ വിവരം നൽകിയില്ല. കൗൺസിലിങ്ങിൽ വിദ്യാർഥി ദുരനഭവം തുറന്ന് പറഞ്ഞതോടെ അധ്യാപകനെ കസബ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പിന്നാലെ നടത്തിയ അന്വേഷണത്തിനിടെ കൂടുതൽ വിദ്യാർഥികൾ മൊഴി നൽകിയതോടെ, വീണ്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സമഗ്ര അന്വേഷണത്തിന് ശേഷം പ്രതിക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം. ലൈംഗികാതിക്രമം അറിഞ്ഞിട്ടും പൊലീസിൽ വിവരം അറിയിക്കുന്നതിൽ സ്കൂൾ അധികൃതർക്ക് പിഴവ് സംഭവിച്ചെന്ന് കണ്ടെത്തിയതായാണ് സൂചന. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിന് ശേഷം സ്കൂൾ അധികൃതർക്കെതിരെ നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.