അമൃത്-2 കുടിവെള്ള പദ്ധതി പ്രവൃത്തികൾ പട്ടാമ്പി നഗരസഭ ചെയർപേഴ്സൻ ടി.പി. ഷാജിയും
ഉദ്യോഗസ്ഥരും വിലയിരുത്തുന്നു
പട്ടാമ്പി: നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി അമൃത്-2 പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി നിലവിൽ നടക്കുന്ന പ്രവൃത്തികൾ നഗരസഭാ ചെയർമാൻ ടി.പി. ഷാജി നേരിട്ടെത്തി വിലയിരുത്തി. നിലവിലുള്ള പ്ലാന്റിന്റെ നവീകരണം, പൈപ്പ് ലൈൻ വിപുലീകരണം എന്നിവക്കായി ഒമ്പത് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
2.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന 10 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിന്റെ ഫൗണ്ടേഷൻ കോൺക്രീറ്റിങ് പൂർത്തിയായി. മൂന്ന് മാസത്തിനുള്ളിൽ ഇതിന്റെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിഴായൂരിൽ പുതിയ പ്ലാന്റ് നിർമിക്കുന്നതിനായി 60 സെന്റ് സ്ഥലം വാട്ടർ അതോറിറ്റിക്ക് കൈമാറാൻ തീരുമാനമായിട്ടുണ്ട്. ഇതിനായി 6.5 കോടി രൂപ കൂടി അനുവദിക്കുന്നതോടെ പദ്ധതിയുടെ ആകെ തുക 15.5 കോടി രൂപയാകും.
ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ നഗരസഭയിലെ കുടിവെള്ള ക്ഷാമത്തിന് പൂർണമായ പരിഹാരമാകും. നഗരസഭ ചെയർ പേഴ്സൻ ടി.പി. ഷാജിയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും നഗരസഭാ പ്രതിനിധികളും നിർമാണ സ്ഥലം സന്ദർശിച്ച് പ്രവൃത്തികൾ വിലയിരുത്തി. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങളിലേക്ക് എത്തിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ ടി. പി. ഷാജി അറിയിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.