കോങ്ങാട് റോഡിൽ നഗരിപുറത്ത്ഉണങ്ങി വീഴാറായ പടുകൂറ്റൻ മരം,പറമ്പിക്കുളം ജങ്ഷനിൽ പൊട്ടിവീഴാറായ
വൃക്ഷക്കൊമ്പ്
പറമ്പിക്കുളം: വീഴാറായ മരങ്ങളുടെ ശിഖരങ്ങൾ വിനോദ സഞ്ചാരികൾക്ക് ഭീഷണിയാകുന്നു. സേത്തുമട-പറമ്പിക്കുളം പ്രധാന റോഡിൽ പറമ്പിക്കുളം ജങ്ഷൻ, ആനപ്പാടി രണ്ടാം വളവ്, ചുങ്കം സ്കൂൾ കഴിഞ്ഞുള്ള പ്രദേശം എന്നിവിടങ്ങളിലാണ് വൻ വൃക്ഷങ്ങളുടെ ശിഖരങ്ങൾ വീഴാറായി നിൽക്കുന്നത്. കഴിഞ്ഞ കാലവർഷത്തിൽ നിരവധി ശിഖരങ്ങൾ നിലം പതിച്ച് വാഹനങ്ങൾക്കു കേടുപാടും യാത്രക്കാർക്കു പരിക്കുകളും സംഭവിച്ചിരുന്നു. സമാനമായ രീതിയിൽ അപകടകരമായി റോഡിലേക്ക് തൂങ്ങിനിൽക്കുന്ന ശിഖരങ്ങൾ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പറമ്പിക്കുളം ജങ്ഷനിൽ സാക്ഷരത ശിൽപത്തിന് സമീപം വാകമരത്തിന്റെ വലിയ ശിഖരം ഏത് സമയത്തും നിലംപതിക്കാറായ അവസ്ഥയിലാണുള്ളത്. മുറിക്കണമെന്ന് വനം വകുപ്പിന് നാട്ടുകാർ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.
കഴിഞ്ഞവർഷം ഇതേ വൃക്ഷത്തിന്റെ മറ്റൊരു കൊമ്പ് പൊട്ടി വീണിരുന്നു. നിരവധി വിനോദസഞ്ചാരികൾ വന്നുപോകുന്ന പറമ്പിക്കുളം മേഖലയിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായ കൊമ്പുകൾ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പത്തിരിപ്പാല: പത്തിരിപ്പാല കോങ്ങാട്-റോഡിൽ നഗരിപുറം വൃന്ദാവൻ കോളനിക്ക് സമീപം പാതയോരത്തെ ഉണങ്ങിയ കൂറ്റൻമരം അപകട ഭീഷണിയാകുന്നു. മരം ഉണങ്ങി നിൽക്കുന്നതിനാൽ ഏത് സമയവും റോഡിലേക്ക് നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ഇതിന് സമീപത്ത് തട്ടുകടയും സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ വൃന്ദാവൻ കോളനിയിലേക്ക് പോകുന്ന പാതയും ഇവിടെയാണ്. നിരവധി വിദ്യാർഥികളും യാത്രക്കാരും ഈ വഴിയാണ് കാൽനടയാത്ര ചെയ്യുന്നത്.
പ്രധാന റോഡിലൂടെ നിരവധി വാഹനങ്ങൾ സർവിസ് നടത്തുന്നുണ്ട്. ശക്തമായ കാറ്റടിച്ചാൽ മരം മണ്ണൂർ-കോങ്ങാട് പ്രധാന റോഡിലേക്കാണ് നിലം പതിക്കുക. സമീപത്ത് ഹൈപവർ വൈദ്യുതി ലൈനും കടന്ന് പോകുന്നുണ്ട്. വലിയ ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ഉണങ്ങിയ മരം വെട്ടി മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കൊല്ലങ്കോട്: വിദ്യാലയത്തിന് സമീപത്തുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വൈദ്യുത ലൈനുകൾക്കിടയിൽ വളർന്ന ആൽമരം ഭീഷണിയാകുന്നു. മംഗലം-ഗോവിന്ദാപുരം റോഡിൽ കൊല്ലങ്കോട്ട് യോഗിനി മാതാ ഗേൾസ് ഹൈസ്കൂളിന് സമീപത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്താണ് ത്രീ ഫേസ് വൈദ്യുത ലൈനുകൾ കടന്നുപോകുന്ന പോസ്റ്റിനടുത്തുള്ള ആൽമരം ലൈനുകൾക്കിടയിലൂടെ വളർന്ന് ഭീഷണിയായിട്ടുള്ളത്. മഴ സമയങ്ങളിൽ മരത്തിന് സമീപം നിൽക്കുന്നവർക്ക് വൈദ്യുതാഘാതം ഏൽക്കുന്നതായും നാട്ടുകാർ പറയുന്നു. കഴിഞ്ഞവർഷം സമാന രീതിയിൽ വളർന്ന മരം നാട്ടുകാരുടെ പരാതിയെ തുടർന്ന് കെ.എസ്.ഇ.ബി മുറിച്ചുമാറ്റിയിരുന്നു. എന്നാൽ ഇത്തവണ പരാതി അറിയിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു.
സമാനമായ രീതിയിൽ വട്ടേക്കാട്, കരിങ്കുളം, നെടുമണി, മീങ്കര തുടങ്ങിയ പ്രദേശങ്ങളിലും റോഡരികിൽ വൈദ്യുത ലൈനിനോട് ചേർന്നുള്ള മരങ്ങൾ ഭീഷണിയാകുന്നതിനാൽ കെ.എസ്.ഇ.ബി അധികൃതർ പരിശോധന നടത്തണമെന്നും അപകടകരമായ വൃക്ഷങ്ങളുടെ ശിഖരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സ്കൂൾ വിദ്യാർഥികൾ കൂടുതലായി നിൽക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് സമീപത്തെ അപകടകരമായിട്ടുള്ള വൃക്ഷങ്ങൾ മുറിച്ചുമാറ്റാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.