ഷഹീർ ചാലിപ്പുറം (എസ്.ഡി.പി.ഐ ജില്ല പ്രസിഡന്‍റ്)
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രധാന രാഷ്ട്രീയ മുന്നണികൾക്കൊപ്പം മത്സരരംഗത്തിറങ്ങിയിരിക്കുകയാണ് എസ്.ഡി.പി.ഐയും. പാലക്കാട് നഗരസഭയുൾപ്പെടെ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ എസ്.ഡി.പി.ഐ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. എസ്.ഡി.പി.ഐയുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷകളും വിലയിരുത്തലുകളും ജില്ല പ്രസിഡന്‍റ് ഷഹീർ ചാലിപ്പുറം 'മാധ്യമ'ത്തോട് പങ്കുവെക്കുന്നു.
പഞ്ചായത്തുകളിലും നഗരസഭകളിലും സ്ഥാനാർഥികൾ
മലമ്പുഴ, തരൂർ നിയോജക മണ്ഡലങ്ങളൊഴിച്ച് ബാക്കി എല്ലാ മണ്ഡലങ്ങളിലും എസ്.ഡി.പി.ഐ മത്സരിക്കുന്നുണ്ട്. പാലക്കാട്, ചിറ്റൂർ-തത്തമംഗലം, ചെർപ്പുളശ്ശേരി നഗരസഭകളിൽ സ്ഥാനാർഥികളുണ്ട്. പാലക്കാട് നഗരസഭയിൽ 31-ാം വാർഡ് ചടനാംകുറിശ്ശിയിലാണ് മത്സരിക്കുന്നത്.
പ്രചാരണം നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. നിലവിൽ ഏഴ് ജനപ്രതിനിധികളാണ് എസ്.ഡി.പി.ഐക്ക് ജില്ലയിലുള്ളത്. ഇതിൽ ഷൊർണൂർ, ചിറ്റൂർ നഗരസഭകളിലായി ഒന്ന് വീതം കൗൺസിലർമാരും ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ മൂന്നും വല്ലപ്പുഴ, പുതുനഗരം പഞ്ചായത്തുകളിൽ ഒന്ന് വീതവും വാർഡ് മെമ്പർമാരുമുണ്ട്.
ബി.ജെ.പിക്കെതിരെ ജനവികാരം
പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്കെതിരെ ജനവികാരം ഉയർന്നിട്ടുണ്ട്. പാർട്ടിയിലെ തർക്കങ്ങളും ഭിന്നതകളും ജനം ശ്രദ്ധിക്കുന്നുണ്ട്. ബി.ജെ.പിയോട് ജനങ്ങൾക്ക് മതിപ്പ് നഷ്ടപ്പെട്ടു. ഇത്തവണ ബി.ജെ.പി ഭരണത്തിൽ വരില്ല. മതേതര വോട്ടുകൾ ഒന്നിക്കാനുള്ള സാധ്യതയുണ്ട്. ഇതുമൂലം ബി.ജെ.പിക്ക് സീറ്റ് നഷ്ടപ്പെടും.
ജനങ്ങൾ കാര്യങ്ങൾ കൃത്യമായി തിരിച്ചറിയുന്നതിനാൽ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം. ബി.ജെ.പിയിലെ ആഭ്യന്തര പ്രശ്നങ്ങൾ കൊണ്ട് ഭരണം മുന്നോട്ടുപോകില്ല. കൗൺസിലുകൾ പോലും കൃത്യമായി ചേർന്നിട്ടില്ല.
ഒറ്റക്കാണ് മത്സരം
തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ എല്ലായിടത്തും ഒറ്റക്കാണ് മത്സരിക്കുന്നത്. ഒരു മുന്നണിയുമായും ഒരുവിധ കൂട്ടുകെട്ടും ഇല്ല. ഇക്കാര്യം സംസ്ഥാന നേതൃത്വം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. എസ്.ഡി.പി.ഐക്ക് സംസ്ഥാനത്ത് വോട്ട് വിഹിതം വർധിച്ചിട്ടുണ്ട്. 2009ൽ പാർട്ടി രൂപവത്കരിച്ച സമയത്ത് 11 സീറ്റാണ് സംസ്ഥാനത്ത് ലഭിച്ചത്. 2015ൽ ഇത് 47 ആയും 2020ൽ 103 ആയും വർധിച്ചു. ഇനിയും സീറ്റ് വർധിക്കുമെന്നാണ് പ്രതീക്ഷ. ജില്ലയിൽ നിലവിലുള്ള ജനപ്രതിനിധികൾ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ മാതൃകയാണ്. അവ ചൂണ്ടിക്കാണിച്ചാണ് പ്രചാരണം.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃത്താല, ഷൊർണൂർ, പട്ടാമ്പി മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങൾ സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.