ആലത്തൂർ: പഴമ്പാലക്കോട് ടൗണിനടുത്ത് തെക്കേ പാവടിയിൽ ചൊവ്വാഴ്ചയുണ്ടായ സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ ഏഴുപേർ അറസ്റ്റിൽ. തരൂർ എൽ.സി സെക്രട്ടറി എം. മിഥുൻ, അത്തിപ്പൊറ്റ എൽ.സി സെക്രട്ടറി വേലായുധൻ, മുൻ ഏരിയ കമ്മിറ്റി അംഗം വി. ഗോപാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ സന്തോഷ്, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. പഴമ്പാലക്കോട് ബി.ജെ.പി പ്രവർത്തകന്റെ വീട്ടിൽ കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്.
സംഭവത്തിൽ ഇരുവിഭാഗത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘർഷസ്ഥലത്തും സ്റ്റേഷനിലെത്തിയും പൊലീസിനെ കൈയേറ്റം ചെയ്യൽ, കസ്റ്റഡിയിലെടുത്തവരെ ബലംപ്രയോഗിച്ച് മോചിപ്പിക്കൽ എന്നീ സംഭവങ്ങളിൽ മൂന്ന് കേസുകളുമാണ് സി.പി.എം പ്രവർത്തകർക്കെതിരെ എടുത്തിട്ടുള്ളത്. പൊലീസ് പിടികൂടിയ സി.പി.എമ്മുകാരെ സ്റ്റേഷനിൽനിന്ന് ബലമായി മോചിപ്പിച്ച സംഭവത്തിൽ ഏരിയ കമ്മിറ്റി അംഗം മുഹമ്മദ് ഹനീഫ്, എരിമയൂർ പഞ്ചായത്തംഗം കെ. അൻഷിഫ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രവർത്തകർ കല്ലേറ് നടത്തിയതിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്.പി ആർ. വിശ്വനാഥ് ഉൾപ്പെടെ പൊലീസ് സംഘം രാത്രി ആലത്തൂരിലെത്തിയിരുന്നു. സ്റ്റേഷനിൽനിന്ന് കസ്റ്റഡിയിലെടുത്തവരെ ബലംപ്രയോഗിച്ച് കൊണ്ടുപോയവരെ പിടികൂടുമെന്ന് പൊലീസ് നിലപാട് കടുപ്പിച്ചതോടെ സി.പി.എം നേതൃത്വം ഇടപെട്ട് ഇവരെ രാവിലെ ഹാജരാക്കുകയായിരുന്നു. ഇതനുസരിച്ചാണ് ബുധനാഴ്ച രാവിലെ പ്രതികളിൽ ഏഴുപേർ ഹാജരായത്. കണ്ടാലറിയുന്നവർ ഉൾപ്പെടെ പഴമ്പാലക്കോട് കേസിൽ 25 പേരും ആലത്തൂർ സ്റ്റേഷൻ അതിക്രമ കേസിൽ 100ഓളം പേരുമാണ് പ്രതികളായുള്ളത്. ഒരു വർഷം മുമ്പ് ഉത്സവ സ്ഥലത്തുണ്ടായ സംഘർഷത്തിൽ യുവമോർച്ച നേതാവ് വടക്കേ പാവടിയിൽ അരുൺകുമാർ എന്നയാൾ കുത്തേറ്റ് മരിച്ചിരുന്നു. ഇതിനുശേഷം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.