ഓടനൂർ-പറളി പതിപ്പാലം കെ. ശാന്തകുമാരി എം.എൽ.എയും ജനപ്രതിനിധികളും
സന്ദർശിക്കുന്നു
പറളി: പതിറ്റാണ്ടുകളുടെ ആഗ്രഹ സാക്ഷാത്കാരമായി പറളി ഓടനൂർ പതിപ്പാലം പുതുക്കിപ്പണിയുന്നതിന് കളമൊരുങ്ങി. പാലം നിർമാണത്തിന് സ്ഥലമെടുക്കാനും രൂപകൽപന ചെയ്യാനുമായി പറളി പഞ്ചായത്ത് ഹാളിൽ കെ. ശാന്തകുമാരി എം.എൽ.എയുടെ സാന്നിധ്യത്തിൽ പാലം നിർമാണച്ചുമതലയുള്ള കിഫ്ബി പ്രതിനിധികളും പഞ്ചായത്തിലെ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഉൾപ്പെട്ട യോഗം ചേർന്നു. നിലവിലെ പാലം അതേപടി നിലനിർത്തി അതിനോട് ചേർന്നാണ് 205 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും പുതിയത് നിർമിക്കുന്നത്.
ഓടനൂർ ചെമ്മലമേട് ട്രാൻസ്ഫോർമറിന്റെ സമീപത്തുനിന്ന് തുടങ്ങി പാലശ്ശേരി ക്രിസ്ത്യൻ പള്ളിക്കു സമീപം വരെ അപ്രോച്ച് റോഡ് വളവ് നിവർത്തി നിർമിക്കും. ഇതിനാവശ്യമായ സ്ഥലം ഇരുവശങ്ങളിൽനിന്നും എടുക്കും. ഭൂവുടമകൾക്ക് നിലവിലെ ഏറ്റവും ഉയർന്ന വില നൽകുമെന്ന് പാലം നിർമാണ ചുമതലയുള്ള കിഫ്ബി എക്സിക്യൂട്ടിവ് എൻജിനീയർ ഫിജി പറഞ്ഞു. യോഗശേഷം എം.എൽ.എയും പ്രവർത്തകരും പാലവും പരിസരവും സന്ദർശിച്ച് നിർമാണ രീതി വിലയിരുത്തി.
പാലം നിർമാണത്തിന് മുമ്പ് തയാറാക്കിയ പ്ലാനിൽ ഭേദഗതി വരുത്തി.
മുമ്പത്തെ പ്ലാൻ അനുസരിച്ച് നിലവിലുള്ളത് പൊളിച്ച് പുതിയ പാലം നിർമിക്കുമെന്നും ഇതനുസരിച്ച് നിർമാണം തുടങ്ങി പൂർത്തീകരിക്കുംവരെ രണ്ടു വർഷത്തോളം ഇതുവഴി ഗതാഗതം തടസ്സപ്പെടുമെന്ന് കെ. ശാന്തകുമാരി എം.എൽ.എ പറഞ്ഞു. ഇത് ജനത്തിന് ദ്രോഹമാകുമെന്നും ഇതിന് പരിഹാരമായാണ് പുതിയ പ്ലാൻ തയാറാക്കിയതെന്നും സമയബന്ധിതമായി പണി തുടങ്ങുമെന്നും സ്ഥലം വിട്ടുനൽകുന്നവർ ഒരു നിലക്കും ആശങ്കപ്പെടേണ്ടതില്ലെന്നും എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സുരേഷ് കുമാർ, വികസനകാര്യ ചെയർമാൻ പി.സി. മോഹൻരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്, ജനപ്രതിനിധികളായ മാലിനി, പ്രീത, ബിന്ദു, നാട്ടുകാരായ എം.ടി. ജയപ്രകാശ്, സച്ചിദാനന്ദൻ, വാസു മാടമ്പത്ത്, രമേഷ് ഓടന്നൂർ തുടങ്ങിയവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.