പാലക്കാട്: ചുറ്റും പകർച്ചവ്യാധികൾ പടരുമ്പോഴും പൂർണമായും ചികിത്സ നൽകാനാവാതെ ജില്ലയിലെ ഗവ. മെഡിക്കൽ കോളജ്. ദിനംപ്രതി ആയിരത്തിലധികം പേർ പനിയും വയറിളക്കവുമായും മറ്റും വിവിധ ആശുപത്രികളിൽ ചികിത്സ തേടുമ്പോൾ ജില്ലയിലൊരു മെഡിക്കൽ കോളജുണ്ടെങ്കിലും രോഗികൾക്ക് വേണ്ടവിധത്തിൽ പ്രയോജനപ്രദമാകാത്ത സ്ഥിതിയാണ്. വെള്ളിയാഴ്ച മാത്രം 940 പേരാണ് ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 20 പേർ കിടത്തി ചികിത്സയിലാണ്. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി വന്ന 27 പേരിൽ രണ്ട് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
പാലക്കാട്, പട്ടഞ്ചേരി എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരാൾക്ക് എലിപ്പനിയും ഒരാൾക്ക് ഹെപ്പറ്റെറ്റിസ് ബിയും 12 പേർക്ക് ചിക്കൻ പോക്സും സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങളോടെ 259 പേരാണ് വെള്ളിയാഴ്ച ചികിത്സ തേടിയത്. ജില്ല ആശുപത്രിയിലേക്കാണ് മിക്കവരും ചികിത്സ തേടിയെത്തുന്നത്. ജനറൽ മെഡിസിൻ, പൾമണോളജി, എല്ലുരോഗ വിഭാഗം, ജനറൽ സർജറി, സൈക്യാട്രി, ഇ.എൻ.ടി, ശിശുരോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, ദന്ത രോഗ വിഭാഗം എന്നീ സ്പെഷാലിറ്റി ഒ.പികൾ മെഡിക്കൽ കോളജിലുണ്ട്.
ആഴ്ചയിൽ ഓന്നോ രണ്ടോ ദിവസം മാത്രമാണ് ജനറൽ മെഡിസിൻ ഒ.പി ഉള്ളത്. ഇവിടെ വരുന്നവർക്ക് കിടത്തിചികിത്സ വേണമെങ്കിൽ ജില്ല ആശുപത്രിയിലേക്ക് തന്നെ പോകണം. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഐ.പി വിഭാഗം ഉദ്ഘാടനം ചെയ്തെങ്കിലും കിടക്കകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. അത്യാഹിത കേസുകൾ വന്നാൽ പോലും ജില്ല ആശുപത്രിയിലേക്കോ തൃശൂർ മെഡിക്കൽ കോളജിലേക്കോ റഫർ ചെയ്യേണ്ട സ്ഥിതിയാണ്.
പനിക്കു പുറമേ മറ്റ് അസുഖങ്ങളുമായും അപകടങ്ങളുമായും ബന്ധപ്പെട്ട് ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ജില്ല ആശുപത്രിയിൽ എത്തുന്നത്. രാവിലെ മുതൽ നീളുന്ന വരിയിൽ തിരക്ക്മൂലം രോഗികളും കൂട്ടുവരുന്നവരും തളരുമ്പോഴും പണി തീരാത്ത കെട്ടിടങ്ങൾ മാത്രമുള്ള മെഡിക്കൽ കോളജിൽ പൂർണമായ ചികിത്സ ഇപ്പോഴും ഏറെ അകലെയാണ്.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി മെഡിക്കൽ കോളജ് വിദ്യാർഥികൾ കഴിഞ്ഞമാസം അനിശ്ചിതകാല സമരം നടത്തിയിരുന്നു. സമരത്തിലുന്നയിച്ച ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജിലെ നിർമാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി വിദ്യാർഥി പ്രതിനിധികൾ അംഗങ്ങളായുള്ള നിരീക്ഷണ സമിതി രൂപവത്കരിച്ചിരുന്നു. നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി കെട്ടിടം സെപ്തംബറിനകം മെഡിക്കൽ കോളജ് അധികൃതർക്ക് കൈമാറണമെന്ന് കരാറുകാരോട് നിരീക്ഷണ സമിതി യോഗത്തിൽ കലക്ടർ നിർദേശിച്ചു.
മെഡിക്കൽ കോളജിലെ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമന ശുപാർശ നൽകിയ 34 പേരിൽ 14 പേർ കഴിഞ്ഞദിവസം ജോലിക്കെത്തി. രണ്ട് അസിസ്റ്റന്റ് പ്രഫസർമാരും ബാക്കി ജൂനിയർ റസിഡന്റുമാരാണ് ജോലിയിൽ പ്രവേശിച്ചത്. ബാക്കിയുള്ളവർക്ക് ഒരാഴ്ച കൂടി സമയം നൽകിയിട്ടുണ്ട്. അതിനുള്ളിൽ ജോലിക്ക് ഹാജരായില്ലെങ്കിൽ വീണ്ടും കൂടിക്കാഴ്ച നടത്തി നിയമനം നടത്തുമെന്നാണ് മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്. കോളജിൽ ഡെപ്യൂട്ടേഷൻ നിയമനത്തിനുള്ള നടപടി പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.