ഒറ്റപ്പാലം: ഡോക്ടറും കുടുംബവും പുറത്ത് പോയ സമയം വീട് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ മോഷണം. ഈസ്റ്റ് ഒറ്റപ്പാലം പുലാക്കൽ ഡോ. ഷാമിൽ മുഹമ്മദിെൻറ വീട്ടിലാണ് മോഷണം നടന്നത്. 26.5 പവൻ സ്വർണാഭരണങ്ങളും 95,000 രൂപ വില മതിക്കുന്ന ഡയമണ്ട് ആഭരണങ്ങളും രണ്ട് ലക്ഷം രൂപയുമാണ് നഷ്ടമായതെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഏഴരക്കും ഒമ്പതരക്കും ഇടയിലാണ് സംഭവം. ഡോക്ടർ പെരിന്തൽമണ്ണയിലേക്കും കുടുംബാംഗങ്ങൾ വീട് പൂട്ടി പഴയ ലക്കിടിയിലെ ബന്ധുവീട്ടിലേക്കും പോയിരുന്നു. രണ്ട് മണിക്കൂറിന് ശേഷം പഴയ ലക്കിടിയിൽ നിന്ന് കുടുംബാംഗങ്ങൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന് പുറകിലുള്ള വർക്ക് ഏരിയയിലെ ഇരുമ്പ് ഗ്രിൽ തകർത്ത് അടുക്കള വഴിയാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു.
മുകൾ നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് നഷ്ടമായത്. അകത്തെ മറ്റുമുറികളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ഡോക്ടറുടെ ക്ലിനിക്കിലെ ജീവനക്കാർക്ക് ശമ്പളം നൽകാനും മറ്റും സൂക്ഷിച്ചതായിരുന്നു പണം. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.