'പള്ളിക്ക് സ്ഥലം സംഭാവന ചെയ്തത് പരേതനായ ​ ശ്രീ. കുഞ്ചുണ്ണി നായർ (1970 ജനുവരി ഒന്ന്)'

ഒറ്റപ്പാലം: 'പള്ളിക്ക് സ്ഥലം സംഭാവന ചെയ്തത് പരേതനായ ഊർപ്പായിൽ പുത്തൻവീട്ടിൽ കുഞ്ചുണ്ണി നായർ (1970 ജനുവരി ഒന്ന് (ഹിജ്റ1391)' -മത സാഹോദര്യത്തിന്‍റെ നറുമണം പരത്തുന്ന സുഗന്ധാക്ഷരങ്ങൾ ആംഗലത്തിൽ ആലേഖനം ചെയ്യപ്പെട്ട ശിലാഫലകം സ്ഥാപിക്കപ്പെട്ടിരിക്കുന്നത് അമ്പലപ്പാറ തിരുണ്ടിയിലെ നമസ്കാര പള്ളിക്ക് മുന്നിലാണ്.

അര നൂറ്റാണ്ടിലേറെയായി തിരുണ്ടി നിവാസികൾക്ക് നമസ്കാരത്തിനായി ചെന്നെത്താവുന്ന പള്ളിയോടനുബന്ധിച്ച് പ്രത്യേകം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹയാത്തുൽ ഇസ്ലാം മദ്റസ മതപഠനം സ്തുത്യർഹമായ നിലയിൽ കാഴ്ചവെക്കുന്നുണ്ട്. മുഖ്യപാതയിൽ സഞ്ചരിക്കുന്ന വാഹന യാത്രക്കാർക്കും ഈ പ്രാർഥനാലയം അനുഗ്രഹമാണ്. കുഞ്ചുണ്ണി നായരുടെ ദാനഭൂമിയിൽ നിർമിച്ച ഓടിട്ട ഒറ്റയിറക്ക് വർഷങ്ങൾക്കു ശേഷം പൊളിച്ച് കോൺക്രീറ്റ് മസ്‌ജിദ്‌ രൂപംകൊണ്ടപ്പോഴും പഴയ ശിലാഫലകം ദൈവഭവനത്തിന് മുന്നിൽ സ്ഥാപിക്കാൻ പള്ളി കമ്മിറ്റിക്കാർ മറന്നില്ല.

ഇതര മതസ്ഥരുടെ ആരാധനാലയങ്ങളോട് പകയുയരുന്ന കെട്ടകാലത്ത് തിരുണ്ടി പള്ളിയിൽനിന്ന് ഉയരുന്ന ബാങ്കൊലിക്കൊപ്പം മതസാഹോദര്യത്തിന്‍റേയും വിശാലമനസ്കതയുടെയും ഈണവുമുണ്ട്. ഒറ്റപ്പാലം-മണ്ണാർക്കാട് പാതയിൽ അമ്പലപ്പാറക്ക് സമീപം തിരുണ്ടിയിൽ റോഡരികിലാണ് നമസ്കാര പള്ളിയുള്ളത്. ചുനങ്ങാട് -മലപ്പുറം മഹല്ലിന് കീഴിൽ വരുന്ന തിരുണ്ടി പ്രദേശവാസികൾക്ക് അഞ്ചുനേരത്തെ നമസ്കാരത്തിന് ദൂരെയുള്ള മഹല്ല് പള്ളിയിൽ എത്തണമായിരുന്നു. ഇതിനൊരു പരിഹാരം തിരുണ്ടിയിൽ നമസ്കാര പള്ളി യാഥാർഥ്യമാക്കലാണെന്ന തിരിച്ചറിവിന് മുന്നിൽ വിലങ്ങുതടിയായത് അനുയോജ്യമായ സ്ഥലം ലഭ്യമാകാത്തതായിരുന്നു. പള്ളിനിന്ന സ്ഥലത്തെ പാറ പ്രദേശത്ത് തോർത്ത് വിരിച്ചു നമസ്കരിച്ചിരുന്നത് അക്കാലത്തെ പുതുമയല്ലാത്ത കാഴ്ചയായിരുന്നു.

പ്രദേശവാസികളുടെ അഭിലാഷം സാക്ഷാത്കരിക്കാനായത് അക്കാലത്ത് അംശം മേനോൻ പദവി വഹിച്ചിരുന്ന ചെറുമുണ്ടശ്ശേരി ഊർപ്പായിൽ പുത്തൻവീട്ടിൽ കുഞ്ചുണ്ണി നായരുടെ ചെവിയിലുമെത്തിയതോടെയാണ്. ആവശ്യമറിഞ്ഞ അദ്ദേഹം വാക്കാൽ കരാറിൽ നമസ്കാര പള്ളി നിർമിക്കാൻ അനുമതി നൽകുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഓട് മേഞ്ഞ് ഒറ്റയിറക്ക് കെട്ടിപ്പൊക്കിയതോടെ തലമുറകൾ നെഞ്ചേറ്റിയ നമസ്കാര പള്ളി യാഥാർഥ്യമായി. 1985 ജൂലൈ 24നായിരുന്നു കുഞ്ചുണ്ണി നായരുടെ വിയോഗം.

വാക്കാൽ കരാറിൽ തുടർന്ന് പോന്ന 12 സെന്‍റ് സ്ഥലത്തിന്‍റെ രജിസ്‌ട്രേഷൻ 1992 ആഗസ്റ്റിലാണ് നടന്നത്. ഇതിന് മുൻകൈയെടുത്തത് കുഞ്ചുണ്ണി നായരുടെ പത്നി കരിയാട്ടിൽ ചെണ്ടക്കര ശ്രീമതിയമ്മയായിരുന്നു. മക്കളുടെ പൂർണസമ്മതത്തോടെ പ്രതിഫലം ഉപേക്ഷിച്ചായിരുന്നു ഭൂദാനം. 2004 നവംബർ 10നായിരുന്നു ശ്രീമതി അമ്മയുടെ മരണം. വിശ്വാസികൾ അഞ്ചുനേരം ദൈവത്തിന് മുന്നിൽ സാഷ്ഠാംഗം ചെയ്യുകയും സ്നേഹവും സാഹോദര്യവും ഇളംകുരുന്നുകളിലേക്ക് പകർന്ന് നൽകുകയും ചെയ്യുന്ന മതപാഠശാലയും കുഞ്ചുണ്ണി നായരുടെ അനശ്വരതയാണ് ഭൂദാനത്തിലൂടെ വിളംബരം ചെയ്യുന്നത്.

Tags:    
News Summary - ‘The land was donated to the church by the late Shri. Kunchunni Nair (January 1, 1970) '

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.