ഒറ്റപ്പാലം: സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്ത ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് വീണ്ടും അംഗീകാരത്തിളക്കം. സ്റ്റേഷന്റെ പ്രവർത്തന മികവിന് രാജ്യാന്തര അംഗീകാരമായ ഐ.എസ്.ഒ (ഇൻറർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ) സർട്ടിഫിക്കറ്റ് ലഭിക്കുന്ന ജില്ലയിലെ ഏക പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലം മാറി. ഐ.സ്.ഒ പ്രതിനിധികളായ നാലംഗ സംഘം ഒറ്റപ്പാലത്തെത്തി കഴിഞ്ഞ ദിവസം പരിശോധനകൾ നടത്തിയിരുന്നു.
അംഗീകാരത്തിനുള്ള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടും വിധം പൊലീസ് സ്റ്റേഷനിലെ ക്രമസമാധാന പാലനം ഉൾപ്പടെ പരിശോധനയിൽ വിജയകരമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഐ.എസ്.ഒ 9001 : 2015 സർട്ടിഫിക്കറ്റ് അനുവദിച്ചത്.
കുറ്റകൃത്യങ്ങൾ തടയൽ, പൊതുസമാധാനം, ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം, പരാതികൾ തീർപ്പാകുന്നതിലെ വേഗത, ഗ്രീൻ പ്രോട്ടോകോൾ, ഫയലുകൾ സൂക്ഷിക്കുന്നതിൽ കൃത്യത തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് പരിശോധനക്ക് വിധേയമാക്കിയത്. 2022 ജൂണിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലത്തെ തെരഞ്ഞെടുത്തത്. ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ കൈകാര്യം ചെയുന്ന പൊലീസ് സ്റ്റേഷനാണ് ഒറ്റപ്പാലത്തേത്. വിശാലമായ പ്രവർത്തന പരിധിയാണ് ഒറ്റപ്പാലം സ്റ്റേഷനുള്ളത്. ഒറ്റപ്പാലം നഗരസഭയും ലക്കിടി-പേരൂർ, വാണിയംകുളം, അമ്പലപ്പാറ, അനങ്ങനടി പഞ്ചായത്തുകളുമാണ് സ്റ്റേഷൻ പരിധിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.