ഒറ്റപ്പാലം നഗരത്തിലെ കൈയേറ്റം ഒഴിപ്പിക്കാൻ നാളെ മുതൽ നോട്ടീസ്

ഒറ്റപ്പാലം: നഗരത്തിലെ കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച മുതൽ നോട്ടീസ് നൽകും. ശനിയാഴ്ച ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ ഇക്കാര്യം അറിയിച്ചത്. കിഴക്കേ തോട്ടുപാലം മുതൽ കണ്ണിയംപുറം പാലം വരെ നേരത്തേ നടന്ന സർവേയിൽ കൈയേറ്റമായി കണ്ടെത്തിയ സ്ഥല ഉടമകൾക്കാണ് നോട്ടീസ് നൽകുക.

സ്വകാര്യ വ്യക്തികൾ നടത്തിയ കൈയേറ്റങ്ങൾ റോഡിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്ന് ഒറ്റപ്പാലം സി.ഐ വി. ബാബുരാജ് പറഞ്ഞു. മൂന്നു വർഷം മുമ്പ് ആരംഭിച്ച പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കൽ പൂർത്തിയാകാത്തത് പി.ഡബ്ല്യു.ഡി വിഭാഗത്തി‍െൻറ നിർമാണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിശാലമായ പ്രവർത്തന പരിധിയും സേനാംഗങ്ങളുടെ കുറവും ഒറ്റപ്പാലം പൊലീസ് സ്റ്റേഷ‍െൻറ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ബാബുരാജ് പറഞ്ഞു. സ്ഥലപരിമിതി മൂലം വലിയ വാഹനങ്ങൾ തിരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന മംഗലം വളവിൽ സ്വകാര്യ വ്യക്തി സ്ഥലം വിട്ടുനൽകിയത് പ്രശ്നപരിഹാരത്തിന് ഏറെ സഹായകമായിട്ടുണ്ട്. അമ്പലപ്പാറയിലെ പൊലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന നിർദേശമാണ് ആഭ്യന്തര വകുപ്പിൽനിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എഫ്.സി.ഐ പണിമുടക്കിനെ തുടർന്ന് ഏപ്രിൽ മാസത്തെ റേഷൻ വിതരണത്തിൽ തടസ്സം നേരിട്ടിരുന്നെന്നും ഇത് പരിഹരിക്കുന്നതിന് പൂർണമായി റേഷൻ വാങ്ങാത്തവർക്ക് തിങ്കളാഴ്ച മുതൽ ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ ഒരുമിച്ച് വിതരണം ചെയ്യുമെന്നും ടി.എസ്.ഒ മോഹനൻ പറഞ്ഞു. താലൂക്കിലെ റീസർവേ വകുപ്പിൽ 38,597 അപേക്ഷകളാണ് അഞ്ചുവർഷം ലഭിച്ചതെന്നും ഇതിൽ 35,726 എണ്ണം തീർപ്പാക്കിയെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ശേഷിക്കുന്ന അപേക്ഷകൾ ആറു മാസത്തിനകം തീർപ്പാക്കുമെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു.

1982ൽ സർക്കാർ അനുമതി നൽകിയ ഫയർ സ്റ്റേഷന് അനുയോജ്യമായ സ്ഥലം നഗരസഭക്ക് കണ്ടെത്താൻ കഴിയാത്തതാണ് പദ്ധതിക്ക് ദോഷമാകുന്നതെന്നും കാഞ്ഞിരപ്പുഴ ഇറിഗേഷ‍െൻറ കണ്ണിയംപുറത്തെ സ്ഥലമോ പത്തൊമ്പതാം മൈലിലെ താമരക്കുളം പരിസരമോ ഇതിനായി പ്രയോജനപ്പെടുത്താൻ നടപടി വേണമെന്നും അഭിപ്രായം ഉയർന്നു. അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിൽ സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്നത് പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകണമെന്ന ആവശ്യവും ഉയർന്നു. ലക്കിടി പേരൂർ പഞ്ചായത്ത് അംഗം കെ. ശ്രീവത്സൻ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Illegal building attachment in ottapalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.