പാലക്കാട്-കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം നഗരത്തിലെ കാലപ്പഴക്കം നേരിടുന്ന ബസ് സ്റ്റാൻഡ് കെട്ടിടം
ഒറ്റപ്പാലം: നഗരസഭ പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കാനുള്ള നീക്കത്തിനെതിരെ വാടകക്കാരിൽ ഒരു വിഭാഗം ഹൈകോടതിയെ സമീപിച്ചു. കടമുറികൾ ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ രണ്ടാം വട്ടവും നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് കടമുറി ഉടമകളിൽ ഒരു വിഭാഗം കോടതിയെ സമീപിച്ചത്. 33 വ്യാപാരികളുള്ളതിൽ 17 പേരും കെട്ടിടം നിലനിർത്തണമെന്ന ആവശ്യവുമായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 15 ദിവസത്തിനകം കടമുറികൾ ഒഴിയണമെന്നാവശ്യപ്പെട്ടാണ് നഗരസഭ കഴിഞ്ഞദിവസം വീണ്ടും നോട്ടീസ് നൽകിയത്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി കെട്ടിടം പൊളിക്കാനുള്ള നഗരസഭയുടെ നീക്കത്തിനാണ് ഇതോടെ തടസ്സം നേരിട്ടത്.
പാലക്കാട്-കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം നഗരമധ്യത്തിലായി അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ബസ് സ്റ്റാൻഡ് കെട്ടിടം. ഒരു സഹകരണ ബാങ്ക് ഉൾപ്പെടെ 33 സ്ഥാപനങ്ങളാണ് കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നത്. ചോർന്നൊലിച്ചും കോൺക്രീറ്റ് അടർന്ന് വീണും മറ്റുമായി കെട്ടിടം ബലക്ഷയം നേരിടുന്നതിന്റെ സൂചനകൾ പ്രകടമാണ്. ഇക്കാര്യം നിരന്തരം നഗരസഭ അധികൃതർക്ക് മുന്നിൽ പരാതികളായി എത്തിയിരുന്നു. തുടർന്ന് തൃശൂർ എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘം നടത്തിയ പരിശോധനയിലും ബലക്ഷയം സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് നഗരസഭക്ക് നൽകിയത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കെട്ടിടം പൊളിക്കാനും പുതിയത് നിർമിക്കാനുമുള്ള തീരുമാനം. സ്റ്റാൻഡിൽനിന്നും ബസുകൾക്ക് പുറത്തുകടക്കാൻ ആശ്രയിക്കുന്ന വീതികുറഞ്ഞ ബസ് സ്റ്റാൻഡ് കവാടം മൂലമുണ്ടായ അപകടങ്ങൾ നിരവധിയാണ്. ഇതിന് പരിഹാരം കാണണമെങ്കിലും കെട്ടിടം പൊളിക്കണമെന്നതാണ് വസ്തുത. നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെൻറർ (നാറ്റ് പാക്) സംഘം നേരത്തെ നടത്തിയ പരിശോധനയിൽ ഇടുങ്ങിയ കവാടങ്ങൾ മൂലമുള്ള അപകടസാധ്യത എടുത്തുപറഞ്ഞിരുന്നതാണ്. കോടതി വിധി വരുന്ന മുറക്ക് അനുയോജ്യമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.