ഒറ്റപ്പാലം: മാലിന്യം പൊതു ഇടങ്ങളിൽ കുമിഞ്ഞുകൂടി ദുരിതം വിതക്കുമ്പോഴും ലക്ഷങ്ങൾ ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റുകൾ കാട് മൂടി നശിക്കുന്നു.
രാസപ്രക്രിയ മുഖേന ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ ലക്ഷ്യമിട്ട രണ്ട് കമ്പോസ്റ്റ് യൂനിറ്റുകളാണ് നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തിക്കാത്തത്.
ആറ് ലക്ഷം രൂപ വീതം ചെലവഴിച്ച് കിഴക്കേ തോട്ടുപാലം പരിസരത്ത് നഗരസഭയുടെ അധീനതയിലുള്ള മാർക്കറ്റ് കോംപ്ലക്സിന് സമീപവും നഗരസഭ ബസ് സ്റ്റാൻഡിന് പിറകിലുമായാണ് ഇവയുള്ളത്.
യഥാക്രമം രണ്ടും നാലും ബിന്നുകളാണ് ഇവയിൽ സജ്ജീകരിച്ചിരിക്കുന്നത്.
നഗരത്തിലെ ചെറുകിട വ്യാപാരികൾക്ക് അനുഗ്രഹമാകുന്ന തുമ്പൂർമുഴി മാതൃകയിലുള്ള കമ്പോസ്റ്റ് യൂനിറ്റുകളുടെ നിർമാണം മുണ്ടൂർ ഐ.ആർ.ടി.സിയാണ് പൂർത്തീകരിച്ചത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ സേന മുഖേന ശേഖരിക്കുന്നുണ്ടെങ്കിലും ജൈവ മാലിന്യങ്ങൾ സ്വന്തം നിലയിൽ സംസ്കരിക്കണമെന്ന നിർദേശം നിലനിൽക്കുന്നതാണ് നഗരത്തിലെ ചെറുകിട വ്യാപാരികളെ വെട്ടിലാക്കുന്നത്.
സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന കച്ചവടക്കാർക്ക് ഉറവിടമാലിന്യ സംസ്കരണം അസാധ്യമാണെന്നിരിക്കെ കമ്പോസ്റ്റ് യുനിറ്റുകൾ പ്രവർത്തിച്ചു തുടങ്ങുന്നതോടെ പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.