മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തുന്നവർക്ക് അപകടക്കെണിയായി ഇരുട്ടുകുഴി
കല്ലടിക്കോട്: മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്ക് തുപ്പനാട് പുഴയിലെ ഇരുട്ടുകുഴി മരണക്കെണിയാവുന്നു. വേണ്ട സുരക്ഷ ക്രമീകരണങ്ങളും ജാഗ്രത കുറവുമാണ് അപകടക്കെണിയൊരുക്കുന്നത്.
മീൻ വല്ലം പ്രദേശം സന്ദർശിക്കാനെത്തുന്നവർ നേരിട്ടുള്ള വഴി തെരഞ്ഞെടുക്കുന്നതിന് പകരം പുഴയോര സ്ഥലങ്ങളിലെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനായി മീൻവല്ലം പാതക്കടുത്ത് ഇരുട്ടുകുഴിയിലെത്തുന്നതാണ് അപകടത്തിന് വഴിയൊരുക്കുന്നത്. തുപ്പനാട് പുഴയുടെ ഭാഗമായ ഈ മേഖലയിൽ ഇറങ്ങി വെള്ളത്തിൽ കളിക്കുന്നതും നീന്തുന്നതുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
കഴിഞ്ഞ ദിവസം പാലക്കാടുനിന്ന് എത്തിയ വിദ്യാഥി ഈയിടെയാണിവിടെ മുങ്ങിമരിച്ചത്. മീൻവല്ലം വനസംരക്ഷണ സമിതിയുടെ (വി.എസ്.എസ്) ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത് മൂന്നേക്കറിലാണ്. വിനോദ സഞ്ചാരികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാറുണ്ട്. വൈകുന്നേരം നാലുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക.
കൗണ്ടർ അടച്ചാൽ വെള്ളച്ചാട്ടം കാണാൻ കഴിയാതെ നിരവധി ആളുകൾ മടങ്ങിപോകാറുണ്ട്. ചിലർ എളുപ്പവഴിയിലൂടെ സഞ്ചരിച്ച് ഇരുട്ടുകുഴി ഭാഗത്ത് ഇറങ്ങുകയും ചെയ്യാറുണ്ട്. ഒറ്റനോട്ടത്തിൽ ആഴമില്ലെന്ന് തോന്നുമെങ്കിലും വെള്ളത്തിനടിയിലെ പാറയിടുക്കുകളും അടിയൊഴുക്കുമാണ് അപകടത്തിന് കാരണമാകുന്നത്. മീൻവല്ലം ജല വൈദ്യുത പദ്ധതിയിൽ വൈദ്യുതി നിർമാണം ആരംഭിക്കുമ്പോൾ പെൻസ്‌റ്റോക്ക് പൈപ്പിലൂടെ വെള്ളം കൂടുതൽ തുറന്ന് വിടുകയും പുഴയിലെ ജലനിരപ്പ് ഉയരുകയും ചെയ്യും. ഈ സമയത്ത് പരിസര വാസികൾ പോലും പുഴയിലേക്ക് ഇറങ്ങാറില്ല. നീന്തൽ അറിയാത്തവർ പോലും സുരക്ഷ മുൻകരുതലുകളില്ലാതെ വെള്ളത്തിലിറങ്ങുന്നത് അപകടം വിളിച്ച് വരുത്തും. മീൻവല്ലം ഗേറ്റിനകത്ത് വി.എസ്.എസ് ജീവനക്കാരുടെ സുരക്ഷ മേൽനോട്ടമുണ്ടെങ്കിലും കുറുക്കു വഴികളിലെ ഇത്തരം സ്ഥലങ്ങളിൽ ആവശ്യത്തിന് സുരക്ഷ ക്രമീകരണങ്ങളില്ല.
ആവശ്യമായ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് നിർദേശങ്ങൾ പ്രദർശിപ്പിക്കുകയും അപകടമേഖലയിൽ തുപ്പനാട് പുഴയിൽ ഇറങ്ങുന്നത് തടയുകയും ആവശ്യമാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. എളുപ്പത്തിൽ പുഴയിലേക്ക് ഇറങ്ങുന്നത് തടയാൻ അപകടസ്ഥലങ്ങളിൽ താൽക്കാലിക സംരക്ഷണ വേലികൾ ഒരുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വിനോദസഞ്ചാര പോയിൻറുകളിൽ കൂടുതൽ വഴികാട്ടികളെ നിർത്തണമെന്നും ആവശ്വഘട്ടങ്ങളിൽ പൊലീസ് സഹായം ഉറപ്പാക്കണമെന്നും നിർദേശമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.