പാലക്കാട്: വീട്ടിലിരുന്ന് ഓൺലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചും കെട്ടിടങ്ങളുടെ ലീസ് പ്രൊമോഷൻ ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചും നെന്മാറ സ്വദേശിയിൽനിന്നും 32.45 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. മണ്ണൂർ നഗരിപുരം സ്വദേശി മുഹമ്മദ് അജ്മലിനെയാണ് പാലക്കാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിലാണ് സംഭവം. ഇരയെ വാട്ട്സ്ആപ് വഴി ബന്ധപ്പെട്ട് ഓൺലൈനായി വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്യുകയും തുടർന്ന് ചെറിയ തുകകൾ നിക്ഷേപിച്ച് ലാഭം നൽകുകയും പിന്നീട് ഭീമമായ തുക ഡെപ്പോസിറ്റ് ചെയ്യിപ്പിച്ച് മുഴുവനായും തട്ടിയെടുക്കുകയുമാണ് ചെയ്തത്.
സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇരക്ക് നഷ്ടപ്പെട്ട തുകയിൽനിന്നും വലിയൊരു സംഖ്യ പ്രതിയുടെ പത്തിരിപ്പാലയിലുള്ള ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. ട്രാൻസ്ഫർ ചെയ്ത ഉടൻ തന്നെ ചെക്ക് ഉപയോഗിച്ച് പിൻവലിച്ചതായും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രത്യേകം അക്കൗണ്ട് തുടങ്ങിയാണ് പ്രതി തട്ടിപ്പ് നടത്തി കിട്ടുന്ന പണം സ്വീകരിച്ചിരുന്നത്. പ്രതിയിൽനിന്നും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
ജില്ല പൊലീസ് മേധാവി അജിത് കുമാറിന്റെ നിർദേശപ്രകാരം ഡി.സി.ആർ.ബി ഡിവൈ.എസ്.പി എം. പ്രസാദിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി. ശശികുമാർ, എസ്. ഷമീർ എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.