കൊല്ലങ്കോട് ചിക്കണാമ്പാറയിലെ മീങ്കര ശുദ്ധജല പദ്ധതിയുടെ ജലസംഭരണിയിലേക്ക് അശ്രദ്ധ മൂലം കൂടുതൽ വെള്ളം തുറന്നതിനാൽ റോഡിലേക്ക് ഒഴുകി പാഴാകുന്നു, മുതലമട പോത്തമ്പാടത്ത് മീങ്കര ശുദ്ധ ജലം പൈപ്പ് തകർന്നു പാഴാകുന്നു
കൊല്ലങ്കോട്: മീങ്കര ശുദ്ധജലം പാഴാകുന്നത് തുടർക്കഥയാകുന്നു. അധികൃതരുടെ അനാസ്ഥ മൂലം പാഴാകുന്നത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ്. മുതലമട പ്രദേശത്ത് പോത്തമ്പാടം ഉൾപ്പെടെ നാല് സ്ഥലങ്ങളിലാണ് മീങ്കര പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത്.
മീങ്കര ശുദ്ധജല പദ്ധതിയുടെ ജലസംഭരണിയായ കൊല്ലങ്കോട് ചിക്കണാമ്പാറയിൽ ജലസംഭരണിയിൽ അനിയന്ത്രിതമായി വെള്ളം പമ്പ് ചെയ്ത് കയറ്റിയതിനാൽ എട്ടുമണിക്കൂറാണ് കുടിവെവെള്ളം പാഴായത്. കഴിഞ്ഞ ആഴ്ച ചുള്ളിയാർ മേട് ചുള്ളിയാർപുഴപ്പാലത്തിന് സമീപം മീങ്കര ശുദ്ധജല പദ്ധതിയുടെ ഗ്രാവിറ്റി പൈപ്പ് ലൈൻ ചോർച്ച ഉണ്ടായി ആറുമണിക്കൂറാണ് വെള്ളം പാഴായത്.
വേനൽ വരാനിരിക്കെ ഡാമിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ ശുദ്ധജലം പാഴാകുന്നത് ഭാവിയിൽ വൻ കുടിവെള്ള പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
ശുദ്ധജലം ലഭ്യത ഉറപ്പുവരുത്തണമെങ്കിൽ പാഴായിപ്പോകുന്ന ശുദ്ധജലത്തെ അടിയന്തരമായി ഇടപെടൽ നടത്തി നിർത്തേണ്ടത് അത്യാവശ്യമാണെങ്കിലും കാര്യക്ഷമമായി ജല അതോറിറ്റി നടപടിക സ്വീകരിക്കാത്തതാണ് കുടിവെള്ളം വ്യാപകമായ നഷ്ടപ്പെടാൻ വഴിയൊരുക്കിയത്. പൈപ്പിൽ ചോർച്ചയുണ്ടാകുമ്പോൾ മണിക്കൂറുകൾക്കകം തന്നെ പൈപ്പ് അറ്റകുറ്റപണികൾ നടത്താൻ ജല അതോറിറ്റി അധികൃതർ തയാറാകാത്തതാണ് ഇതിന് കാരണം.
കൊല്ലങ്കോട്, മുതലമട, വടവന്നൂർ, എലവഞ്ചേരി എന്നീ പഞ്ചായത്തുകളിലുള്ള ലക്ഷത്തിലധികം പേർ ഉപയോഗിക്കുന്ന മീങ്കര ശുദ്ധജല പദ്ധതിയിലെ പ്രധാന പൈപ്പുകളിലെ ചോർച്ചയും അശ്രദ്ധ മൂലം ഉണ്ടാകുന്ന വെള്ളത്തിന്റെ നഷ്ടവും ഇല്ലാതാക്കാൻ ഉന്നതതല ഉദ്യോഗസ്ഥരുടെ സംഘം സ്ഥലം പരിശോധിക്കണമെന്നും വീഴ്ച വരുത്തിയ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.